എമിലിയാനോ മാർട്ടിനെസ് ആഴ്‌സണൽ വിടുന്നു, പകരക്കാരനെ കണ്ടെത്തി ആർട്ടെറ്റ.

ആഴ്‌സണലിന്റെ അർജന്റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് ക്ലബ് വിട്ടേക്കുമെന്ന് സൂചനകൾ. ഇംഗ്ലീഷ് മാധ്യമമായ മിറർ ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് തന്നെ ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് മാർട്ടിനെസ് തന്റെ നിലപാട് അറിയിച്ചിരുന്നു. തനിക്ക് ഒന്നാം ഗോൾകീപ്പർ ആയി പരിഗണന ലഭിച്ചില്ലെങ്കിൽ ക്ലബ് വിടും എന്നായിരുന്നു ഇദ്ദേഹം അറിയിച്ചത്. ഈ കഴിഞ്ഞ സീസണിൽ ഒന്നാംഗോൾകീപ്പർ ലെനോക്ക് പരിക്കേറ്റത് മൂലം അവസാനം കുറെ മത്സരങ്ങളിൽ വലകാക്കുകയും മിന്നും പ്രകടനം നടത്തിയതും മാർട്ടിനെസ് ആയിരുന്നു. എഫ്എ കപ്പ് ഫൈനലിലെ താരത്തിന്റെ പ്രകടനവും ഏറെ പ്രശംസ നേടി. എന്നാൽ ലെനോയുടെ പരിക്ക് ഭേദമായി തിരിച്ചു വന്നത് മാർട്ടിനെസിന്റെ ഗോൾകീപ്പർ സ്ഥാനത്തിന് കോട്ടം തട്ടിച്ചു. ഒന്നാം ഗോൾകീപ്പറായി ലെനോ തന്നെ തുടരുമെന്ന് ആർട്ടെറ്റ അറിയിച്ചതോടെ മാർട്ടിനെസിന് പുറത്തേക്കുള്ള വഴി തെളിയുകയായിരുന്നു. താരം ആഴ്‌സണൽ വിടാൻ തന്നെയാണ് നിലവിൽ സാധ്യത.

പ്രീമിയർ ലീഗിൽ നിന്നും ലാലിഗയിൽ നിന്നും താരത്തിന് ഓഫറുകൾ വന്നിട്ടുണ്ട്. വലൻസിയ, റയൽ ബെറ്റിസ്‌ എന്നിവരാണ് താരത്തിന് വേണ്ടി ഏറ്റവും കൂടുതൽ താല്പര്യം പ്രകടിപ്പിച്ചവർ. ഇരുപത് മില്യൺ പൗണ്ട് എങ്കിലും ലഭിക്കണം എന്ന നിലപാടിലാണ് ആഴ്‌സണൽ. അതേ സമയം താരത്തിന് പകരക്കാരനായി രണ്ടാം ഗോൾകീപ്പറെ ആഴ്‌സണൽ കണ്ടുവെച്ചിട്ടുണ്ട്. ബെന്റർഫോർഡിന്റെ ഇരുപത്തിനാലുകാരനായ കീപ്പർ റയയെയാണ് ആഴ്‌സണൽ നോട്ടമിട്ടിരിക്കുന്നത്. ആഴ്‌സണലിന്റെ ഗോൾകീപ്പിങ് പരിശീലകൻ ഇനാക്കി കനക്ക് ബന്ധമുള്ള കീപ്പറാണ് റയ. ബ്ലാക്ക്ബേൺ അക്കാദമിയിലൂടെ വളർന്ന താരത്തെയാണ് രണ്ടാം ഗോൾകീപ്പർ ആയി ആർട്ടെറ്റ പരിഗണിക്കുന്നത്. അതേസമയം ഇന്ന് കമ്മ്യൂണിറ്റി ഷീൽഡിന്റെ ഫൈനലിൽ ആഴ്‌സണൽ ലിവർപൂളിനെ നേരിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *