ഇംഗ്ലണ്ട് കണ്ട എക്കാലത്തേയും മികച്ച ടീമായി മാറാൻ ലിവർപൂളിന് സാധിക്കും : യുണൈറ്റഡ് ഇതിഹാസം!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ സെമി ഫൈനൽ പോരാട്ടത്തിൽ വിജയം സ്വന്തമാക്കാൻ കരുത്തരായ ലിവർപൂളിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ സ്വന്തം മൈതാനമായ ആൻഫീൽഡിൽ വെച്ച് വിയ്യാറയലിനെ പരാജയപ്പെടുത്തിയത്.ഇതോട് കൂടി യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ തൊട്ടരികിലെത്തിനിൽക്കുകയാണ് ലിവർപൂൾ.
ഏതായാലും ഈ ലിവർപൂളിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ റിയോ ഫെർഡിനാന്റ് വാനോളം പ്രശംസിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് കണ്ട എക്കാലത്തെയും മികച്ച ടീമായി മാറാൻ ലിവർപൂളിന് സാധിക്കുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ലിവർപൂളിന് ക്വാഡ്രപ്പിൾ അഥവാ 4 കിരീടങ്ങൾ നേടാൻ കഴിയുമെന്നുള്ള പ്രതീക്ഷയും ഇദ്ദേഹം പങ്കുവച്ചു.ഫെർഡിനാന്റിന്റെ വാക്കുകൾ ഗോൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 28, 2022
” ഞാൻ കണ്ട ഏറ്റവും മികച്ച ലിവർപൂൾ ടീം ഇതാണ്.ബോൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരുടെ പ്രകടനത്തിൽ യാതൊരു വിട്ടുവീഴ്ചകളും ഇല്ല. അവരുടെ പ്രെസ്സിങ്ങും എനർജിയും അധ്വാനവുമെല്ലാം അംഗീകരിച്ചേ മതിയാവൂ. പക്ഷേ ക്വാഡ്രപ്പിളായിരിക്കും അവർ സ്വയം ലക്ഷ്യം വെക്കുന്നത്. അവർ അത് നേടിക്കഴിഞ്ഞാൽ അനശ്വരമാവാൻ ലിവർപൂളിന് സാധിക്കും. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് കണ്ട എക്കാലത്തെയും മികച്ച ടീമായി മാറാൻ ലിവർപൂളിന് കഴിയുമെന്നുള്ള കാര്യത്തിൽ സംശയമില്ല ” ഇതാണ് ഫെർഡിനാന്റ് പറഞ്ഞിട്ടുള്ളത്.
ഈ സീസണിലെ കരബാവോ കപ്പ് സ്വന്തമാക്കാൻ ലിവർപൂളിന് സാധിച്ചിരുന്നു. ഇതിനുപുറമെ പ്രീമിയർ ലീഗ്,ചാമ്പ്യൻസ് ലീഗ്,എഫ്എ കപ്പ് എന്നിവയാണ് ലിവർപൂളിന്റെ കൈയ്യെത്തും ദൂരത്തുള്ളത്.