സുവാരസ് ഇന്റർ മിയാമിയുമായി എഗ്രിമെന്റിലെത്തി,പക്ഷെ..!

എഫ്സി ബാഴ്സലോണയുടെ ഇതിഹാസങ്ങളെ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് നിലവിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയുള്ളത്. ലയണൽ മെസ്സിയെ എത്തിക്കാൻ കഴിഞ്ഞതാണ് അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നേട്ടം. ഇതിന് പിന്നാലെ സെർജിയോ ബുസ്ക്കെറ്റ്സ്,ജോർഡി ആൽബ എന്നിവരെ ഇന്റർ മിയാമി സ്വന്തമാക്കി കഴിഞ്ഞു. ഇനി അവരുടെ അടുത്ത ലക്ഷ്യം ആൻഡ്രസ് ഇനിയേസ്റ്റ,ലൂയിസ് സുവാരസ് എന്നിവരാണ്.

ഈ രണ്ടുപേർക്കും വേണ്ടിയുള്ള ശ്രമങ്ങൾ ഇപ്പോൾ ഇന്റർ മിയാമി നടത്തുന്നുണ്ട്. സുവാരസിന് വേണ്ടിയുള്ള ശ്രമങ്ങൾ അവർ നേരത്തെ തന്നെ ആരംഭിച്ചതാണ്. ഇപ്പോൾ അതിന്റെ കൂടുതൽ അപ്ഡേറ്റുകൾ പ്രമുഖ മാധ്യമപ്രവർത്തകനായ ഗാസ്റ്റൻ എഡ്യൂൾ പുറത്തുവിട്ടിട്ടുണ്ട്. അതായത് സുവാരസുമായി ഇന്റർ മിയാമി ധാരണയിൽ എത്തിക്കഴിഞ്ഞു.ക്ലബ്ബിലേക്ക് വരാൻ അദ്ദേഹത്തിന് സമ്മതമാണ്. അദ്ദേഹം ലയണൽ മെസ്സിക്കൊപ്പം മിയാമിയിൽ കളിക്കാൻ ആഗ്രഹിക്കുന്നുണ്ട്.

പക്ഷേ നിലവിൽ തടസ്സമായി നിൽക്കുന്നത് സുവാരസിന്റെ ബ്രസീലിയൻ ക്ലബ്ബായ ഗ്രിമിയോയാണ്.അവർ സുവാരസിനെ കൈവിടാൻ ഉദ്ദേശിക്കുന്നില്ല. അടുത്തവർഷം വരെയാണ് ഈ താരത്തിന് ഗ്രിമിയോയുമായി കോൺട്രാക്ട് അവശേഷിക്കുന്നത്. ഏതായാലും ഇന്റർ മിയാമി ഇപ്പോൾ ഈ ബ്രസീലിയൻ ക്ലബ്ബുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. എത്രയും പെട്ടെന്ന് ഈ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് സുവാരസിനെ ടീമിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് ഇന്റർ മിയാമി വിശ്വസിക്കുന്നത്.

ഈ വർഷം ജനുവരിയിലായിരുന്നു സുവാരസ് ഗ്രിമിയോയിൽ എത്തിയിരുന്നത്.അവർക്ക് വേണ്ടി ആകെ കളിച്ച 30 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ താരം നേടിയിട്ടുണ്ട്. ബ്രസീലിയൻ ലീഗിൽ 12 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് സുവാരസ് നേടിയിട്ടുള്ളത്. കൂടാതെ രണ്ട് കിരീടങ്ങൾ അദ്ദേഹം ക്ലബ്ബിനോടൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.ഇപ്പോഴും മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും പരിക്ക് അദ്ദേഹത്തിന് ഒരു വെല്ലുവിളി തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *