റൊണാൾഡോ ചാന്റുമായി എതിർ ആരാധകർ, സെക്കൻഡുകൾക്കുള്ളിൽ ഗോളടിച്ച് മെസ്സിയുടെ പ്രതികാരം!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇപ്പോൾ സൗദി അറേബ്യയിൽ നിന്നും ഏറ്റവും കൂടുതൽ പ്രകോപനങ്ങൾ ഏൽക്കേണ്ടി വരുന്നത് ലയണൽ മെസ്സിയുടെ പേര് ഉപയോഗിച്ചു കൊണ്ടാണ്.അൽ ഹിലാൽ ആരാധകരും മറ്റ് എതിർ ആരാധകരും ലയണൽ മെസ്സിയുടെ പേര് ചാന്റ് ചെയ്തു കൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രകോപിപ്പിക്കാറുണ്ട്. പലപ്പോഴും റൊണാൾഡോ ആ പ്രകോപനങ്ങളിൽ വീണു പോവുകയും ചെയ്യാറുണ്ട്.ഈയിടെ റൊണാൾഡോ അശ്ലീല ആംഗ്യം കാണിച്ചത് വലിയ വിവാദമായിരുന്നു. തുടർന്ന് അദ്ദേഹത്തിന് വിലക്ക് ലഭിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ അമേരിക്കയിലും സ്ഥിതിഗതികൾ വ്യത്യസ്തമല്ല. സൗദിയിൽ റൊണാൾഡോയെ പ്രകോപിപ്പിക്കാൻ മെസ്സിയുടെ പേരാണ് ചാന്റ് ചെയ്യുന്നതെങ്കിൽ അമേരിക്കയിൽ ലയണൽ മെസ്സിയെ പ്രകോപിപ്പിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരാണ് ചാന്റ് ചെയ്യുന്നത്. കഴിഞ്ഞ നാഷ് വില്ലെ എസ്സിക്കെതിരെയുള്ള കോൺകകാഫ് ചാമ്പ്യൻസ് കപ്പ് മത്സരത്തിനിടയിലാണ് സംഭവം. ലയണൽ മെസ്സിയുടെ നേരെ നാഷ് വില്ലെ ആരാധകർ റൊണാൾഡോ..റൊണാൾഡോ എന്ന് ചാന്റ് ചെയ്യുകയായിരുന്നു. മത്സരത്തിനിടയിലാണ് നാഷ് വില്ലെ ആരാധകർ ഈ പ്രകോപനം നടത്തിയത്.

പക്ഷേ ഇവിടത്തെ രസകരമായ കാര്യം എന്തെന്നാൽ ഈ പ്രകോപനം ഒരിക്കലും മെസ്സിയുടെ ശ്രദ്ധ തെറ്റിച്ചില്ല എന്നുള്ളത് മാത്രമല്ല സെക്കന്റുകൾക്കുള്ളിൽ എതിർ ആരാധകരോട് മെസ്സി പ്രതികാരം ചെയ്യുകയും ചെയ്തു. അതായത് ഈ പ്രകോപനം വന്നതിനെ തൊട്ടുപിന്നാലെ ലയണൽ മെസ്സി തന്റെ ഇടം കാൽ ഷോട്ടിലൂടെ നിർണായകമായ ഗോൾ നേടുകയായിരുന്നു. മത്സരത്തിന്റെ 23ആം മിനിട്ടിലാണ് ആ ഗോൾ പിറക്കുന്നത്. ഇതോടെ നാഷ് വില്ലെ ആരാധകർ എല്ലാവരും നിരാശ പ്രകടിപ്പിക്കുന്നുണ്ട്. അതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്.

നാഷ് വില്ലെ ആരാധകരുടെ സ്റ്റാൻഡിൽ നിന്ന് എടുത്ത വീഡിയോ തന്നെയാണ് വൈറലാകുന്നത്.ലയണൽ മെസ്സിയുടെ മനോഹരമായ പ്രതികാരം എന്നാണ് ആരാധകർ ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്.മത്സരത്തിൽ ലയണൽ മെസ്സി ഒരു അസിസ്റ്റ് നൽകുകയും ചെയ്തിരുന്നു. ചാമ്പ്യൻസ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് ഇന്റർ മയാമിയെ നയിച്ചത് ലയണൽ മെസ്സിയാണ് എന്ന് തന്നെ പറയാം. ആദ്യ പാദ മത്സരത്തിലും മെസ്സി നിർണായക ഗോൾ നേടിയിരുന്നു. എതിർ ആരാധകരുടെ ഇത്തരം പ്രകോപനങ്ങൾ ഒന്നും തന്നെ മെസ്സിയെ തളർത്തുകയോ ദേഷ്യം പിടിപ്പിക്കുകയോ ചെയ്യുന്നില്ല എന്ന് വേണം അനുമാനിക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *