മെസ്സി എഫക്ട്, വൻ നേട്ടം കൊയ്ത് ഇന്റർ മിയാമിയും എംഎൽഎസും.

സൂപ്പർ താരം ലയണൽ മെസ്സിക്ക് അമേരിക്കയിൽ ഒരു തകർപ്പൻ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഇന്റർ മിയാമിക്ക് വേണ്ടി കളിച്ച രണ്ടു മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും ഒരു അസിസ്റ്റും മെസ്സി നേടി കഴിഞ്ഞു. മെസ്സി വന്നതോടുകൂടി മിയാമിക്ക് വലിയ ഊർജ്ജമാണ് ലഭിച്ചിട്ടുള്ളത്.മാത്രമല്ല ഇന്റർമിയാമിയുടെ പേരും പ്രശസ്തിയും വളരെയധികം ഉയരുകയും ചെയ്തിരുന്നു.

മെസ്സിയുടെ എഫക്ട് തെളിയിക്കുന്ന ചില കണക്കുകൾ പ്രമുഖ മാധ്യമമായ ESPN റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലയണൽ മെസ്സി വന്നതോടുകൂടി ഗൂഗിളിൽ ഇന്റർമിയാമി എന്ന ക്ലബ്ബിന്റെ സെർച്ചിംഗ് വലിയ രൂപത്തിൽ വർദ്ധിച്ചു. നിലവിൽ ഉണ്ടായിരുന്നതിനേക്കാൾ 1200 ശതമാനം വർദ്ധനവാണ് സെർച്ചിങ്ങിന്റെ കാര്യത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

മാത്രമല്ല സെക്കൻഡറി മാർക്കറ്റിൽ ടിക്കറ്റിന്റെ വില ഏകദേശം 1000 ശതമാനത്തോളമാണ് വർദ്ധിച്ചത്.ക്രൂസ് അസൂളിനെതിരെയുള്ള മത്സരത്തിന്റെ ടിക്കറ്റ് വില 205% ആയിരുന്നു വർദ്ധിച്ചിരുന്നത്. കൂടാതെ MLS ന്റെ കൊമേഴ്സ്യൽ പാർട്ണർമാർക്കൊക്കെ വലിയ നേട്ടം ഉണ്ടായതായും ESPN രേഖപ്പെടുത്തിയിട്ടുണ്ട്.

ജഴ്സി വില്പനയിലും റെക്കോർഡ് രേഖപ്പെടുത്താൻ മെസ്സിയുടെ വരവോടുകൂടി കഴിഞ്ഞിട്ടുണ്ട്. ജൂലൈ 17 മുതൽ ജൂലൈ 20 വരെ കായിക ലോകത്തെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ വസ്തു ലയണൽ മെസ്സിയുടെ ജേഴ്സിയാണ്. നിലവിൽ അഡിഡാസിന്റെ സ്റ്റോക്ക് മുഴുവൻ വിറ്റു തീർന്നിട്ടുണ്ട്. ഡിമാന്റിന് അനുസരിച്ച് സപ്ലൈ ചെയ്യാൻ സാധിക്കുന്നില്ല എന്നത് അഡിഡാസ് തന്നെ തുറന്നു സമ്മതിച്ച കാര്യമാണ്.ഇനി ഒക്ടോബർ വരെ മെസ്സിയുടെ ഒഫീഷ്യൽ ജേഴ്സി ലഭ്യമായിരിക്കില്ല.മെസ്സിയുടെ വരവോടുകൂടി ഇന്റർമിയാമിയുടെ വരുമാനം ഇരട്ടിയാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൂടാതെ മെസ്സിയുടെ മത്സരങ്ങൾ കാണാൻ വേണ്ടി 7 ലക്ഷത്തോളം പുതിയ സബ്സ്ക്രൈബേഴ്സിനെ ആപ്പിൾ ടിവിക്ക് ലഭിച്ചിട്ടുണ്ട്.ഇങ്ങനെ എല്ലാ മേഖലയിലും മെസ്സി എഫക്ട് ആഞ്ഞടിക്കുകയാണ്. ഇനിയും കൂടുതൽ വളർച്ച കൈവരിക്കാൻ മിയാമിക്കും അമേരിക്കൻ ലീഗിനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *