മെസ്സി ഇല്ലെങ്കിലും പ്രശ്നമില്ല, ഗംഭീര വിജയവുമായി ഇന്റർമയാമി!
ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിൽ ഇന്റർമയാമിയും ഷിക്കാഗോയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ഒരു മികച്ച വിജയം സ്വന്തമാക്കാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിട്ടുണ്ട്.ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് എതിരാളികളെ അവർ പരാജയപ്പെടുത്തിയിട്ടുള്ളത്.സൂപ്പർ താരം ലൂയിസ് സുവാരസ് തന്നെയാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്.
പരിക്കു കാരണം മെസ്സി ഈ മത്സരത്തിന്റെ ഭാഗമായിരുന്നില്ല.25ആം മിനുട്ടിൽ എതിരാളികൾ വഴങ്ങിയ ഓൺ ഗോളിലൂടെയാണ് ഇന്റർ മയാമി മുന്നിലെത്തിയത്. പിന്നീട് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലൂയിസ് സുവാരസ് ലീഡ് വർദ്ധിപ്പിച്ചു.ഗോമസിന്റെ അസിസ്റ്റിൽ നിന്നാണ് സുവാരസിന്റെ ഗോൾ പിറന്നത്.65ആം മിനുട്ടിൽ സുവാരസ് ഇരട്ട ഗോൾ തികച്ചു.
ബുസ്ക്കെറ്റ്സ്-ആൽബ-സുവാരസ് എന്നിവരുടെ കൂട്ടുകെട്ടാണ് ഈ ഗോളിന് വഴി ഒരുക്കിയത്. പിന്നീട് ശിക്കാഗോ ഒരു ഗോൾ തിരിച്ചടിച്ചുവെങ്കിലും അത് മതിയാകുമായിരുന്നില്ല. മത്സരത്തിന്റെ അവസാനത്തിൽ റോബർട്ട് ടൈലർ കൂടി ഗോൾ നേടിയതോടെ മയാമി വിജയം സ്വന്തമാക്കുകയായിരുന്നു. മെസ്സിയുടെ അഭാവത്തിലും മികച്ച പ്രകടനമാണ് അവർ നടത്തിയിട്ടുള്ളത്. നിലവിൽ ഇന്റർ മയാമി തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. 27 മത്സരങ്ങളിൽ നിന്ന് 59 പോയിന്റ് ആണ് അവരുടെ സമ്പാദ്യം.