മെസ്സി ഇനി പഴയ ക്ലബ്ബിനെതിരെ, വൈകാരിക ചിത്രവുമായി ഇന്റർ മയാമി!

ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി 6 സൗഹൃദ മത്സരങ്ങളാണ് ഈ പ്രീ സീസണിൽ കളിച്ചിട്ടുള്ളത്.എന്നാൽ റിസൾട്ടുകൾ ഒരല്പം ബുദ്ധിമുട്ടുള്ളതാണ്. കേവലം ഒരു മത്സരത്തിൽ മാത്രമാണ് അവർക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.നാല് തോൽവികൾ ഇന്റർ മയാമി ഏറ്റുവാങ്ങുകയും ചെയ്തു. ഒരു മത്സരം ഗോൾ രഹിത സമനിലയിൽ കലാശിക്കുകയായിരുന്നു.

ഇനി അവസാനത്തെ പ്രീ സീസൺ സൗഹൃദ മത്സരത്തിനു വേണ്ടി ഇന്റർ മയാമി ഇറങ്ങുകയാണ്. എതിരാളികൾ അർജന്റൈൻ ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്സാണ്. ലയണൽ മെസ്സിയുടെ കുട്ടിക്കാല ക്ലബ്ബാണ് ന്യൂവെൽസ് ഓൾഡ് ബോയ്സ്. മാത്രമല്ല ഇന്റർ മയാമിയുടെ പരിശീലകനായ ജെറാർഡോ മാർട്ടിനോയും മുമ്പ് ഈ ക്ലബ്ബിന്റെ ഭാഗമായിരുന്നു. തങ്ങളുടെ മുൻ ക്ലബ്ബിനെതിരെയാണ് ക്യാപ്റ്റനും പരിശീലകനും ഇറങ്ങുന്നത്.

ഫെബ്രുവരി പതിനാറാം തീയതിയാണ് ഈ മത്സരം നടക്കുക. അതായത് വരുന്ന വെള്ളിയാഴ്ച രാവിലെ ആറു മണിക്കാണ് ഇന്റർ മയാമിയും ന്യൂവെൽസ് ഓൾഡ് ബോയ്സും തമ്മിൽ ഏറ്റുമുട്ടുക. ഇന്റർ മയാമിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. പരിക്കിൽ നിന്നും മുക്തനായ ലയണൽ മെസ്സി ഈ മത്സരത്തിൽ കളിക്കും എന്ന് തന്നെയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. മാത്രമല്ല മത്സരം പ്രഖ്യാപിച്ചു കൊണ്ടുള്ള ഒരു പോസ്റ്റർ കഴിഞ്ഞദിവസം ഇന്റർ മയാമി പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

വളരെ വൈകാരികമായ ഒരു എഡിറ്റഡ് ചിത്രമാണ് അവർ പങ്കുവെച്ചിട്ടുള്ളത്.ന്യൂവെൽസിന്റെ ജേഴ്സിയിലുള്ള മെസ്സിയുടെ കുട്ടിക്കാലത്തെ ചിത്രത്തോടൊപ്പം ഇന്റർ മയാമിയുടെ ജേഴ്സിയിലുള്ള മെസ്സിയുടെ ഇപ്പോഴത്തെ ചിത്രമാണ് അവർ എഡിറ്റ് ചെയ്തിട്ടുള്ളത്. കുഞ്ഞു മെസ്സിയെ ഇപ്പോഴത്തെ മെസ്സി കൈപ്പിടിച്ച് കൊണ്ടുവരുന്ന ഒരു ചിത്രമാണ് ഇത്.സോഷ്യൽ മീഡിയയിൽ ഇത് വളരെയധികം വൈറലായിട്ടുണ്ട്.

തന്റെ പഴയ ക്ലബ്ബിനെതിരെ ഇറങ്ങുമ്പോൾ അത് മെസ്സിയെ സംബന്ധിച്ചിടത്തോളം മനോഹരമായ ഒന്നായിരിക്കും. അതേസമയം എവർ ബനേഗ ഉൾപ്പെടെയുള്ളവരാണ് മറുഭാഗത്ത് അണിനിരക്കുന്നത്. വിജയത്തോടുകൂടി പ്രീ സീസൺ അവസാനിപ്പിക്കാം എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഇന്റർ മയാമി ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *