മെസ്സിയെ എങ്ങനെയാണ് തടയുക? ബുദ്ധിമുട്ടെന്ന് പറഞ്ഞ് എതിർ കോച്ചും താരവും!

ഈ സീസണിലെ ആദ്യ മത്സരത്തിന് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി നാളെ ഇറങ്ങുകയാണ്.എൽ സാൽവദോറിന്റെ ദേശീയ ടീമിനെയാണ് ഇന്റർ മയാമി അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് നേരിടുന്നത്. നാളെ രാവിലെ ഇന്ത്യൻ സമയം 6:30നാണ് ഈ സൗഹൃദ മത്സരം നടക്കുക.മത്സരത്തിൽ ലയണൽ മെസ്സി കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലയണൽ മെസ്സിക്കെതിരെ കളിക്കുന്നതിന്റെ ആവേശം എൽ സാൽവദോറിന്റെ പരിശീലകനും അതുപോലെതന്നെ അവരുടെ മിഡ്ഫീൽഡറും പങ്കുവെച്ചിട്ടുണ്ട്.മെസ്സിയെ തടയുക ബുദ്ധിമുട്ടാണ് എന്നാണ് പരിശീലകനായ ഡേവിഡ് ഡോണിഗ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞാൻ മെസ്സിയെ മുൻപ് മറ്റു ടീമുകളിൽ വെച്ച് നേരിട്ടിട്ടുണ്ട്.ഫുട്ബോൾ ലോകത്ത് ഇനി ഒരിക്കലും ആവർത്തിക്കപ്പെടാത്ത താരമാണ് മെസ്സി. അദ്ദേഹത്തെ തടയുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്.ഡിഫന്റിങ്ങിലും അവസരങ്ങൾ മുതലെടുക്കുന്നതിലും കളക്ടീവ് വർക്ക് ആവശ്യമാണ്.ഇത്തരമൊരു താരത്തെ നേരിടുമ്പോൾ പ്രതിരോധിക്കുന്നതിൽ നമുക്ക് പരിമിതികൾ ഉണ്ട്. അതുകൊണ്ടുതന്നെ അറ്റാക്കിങ്ങിൽ അവരെ വേദനിപ്പിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തണം ” ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അതേസമയം എൽ സാൽവദോറിന്റെ മധ്യനിരതാരമായ ഹാറോൾഡ് ഒസോറിയോ മെസ്സിയെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അത് ഇങ്ങനെയാണ്.

” ലോകത്തെ ഏറ്റവും മികച്ച താരത്തെയാണ് ഞങ്ങൾ ഇവിടെ വച്ച് നേരിടാൻ പോകുന്നത്. മെസ്സിയെ നേരിടുന്നതിനേക്കാൾ മനോഹരമായ മറ്റേതുണ്ട്? ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു സ്വപ്നതുല്യമാണ്. പക്ഷേ കളിക്കളത്തിൽ അങ്ങനെയാവില്ല. കളിക്കളത്തിൽ ഞങ്ങൾ പ്രൊഫഷണലുകൾ ആവേണ്ടതുണ്ട് “ഇതാണ് ഹാറോൾഡ് പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിക്കൊപ്പം ബുസ്ക്കെറ്റ്സും ആൽബയുമൊക്കെ നാളത്തെ മത്സരത്തിൽ കളിച്ചേക്കും. കൂടാതെ സുവാരസിന്റെ അരങ്ങേറ്റവും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ മത്സരത്തിനുശേഷം 6 സൗഹൃദ മത്സരങ്ങൾ കൂടി ഇന്റർ മയാമിക്ക് കളിക്കാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *