മെസ്സിയുടെ കാര്യത്തിൽ ആരാധകര്‍ ദേഷ്യപ്പെട്ടാൽ അവരെ കുറ്റം പറയാനാവില്ല: യെഡ്ലിൻ പറയുന്നു!

കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ന്യൂയോർക്ക് റെഡ് ബുൾസിനെ ഇന്റർ മയാമി പരാജയപ്പെടുത്തിയിരുന്നത്.റെഡ് ബുൾസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാനെത്തിയ മത്സരമായിരുന്നു ഇത്. ലയണൽ മെസ്സിയുടെ പ്രകടനം വീക്ഷിക്കാൻ വേണ്ടിയായിരുന്നു ഭൂരിഭാഗം ആരാധകരും എത്തിയിരുന്നത്.എന്നാൽ മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നില്ല.അതുകൊണ്ടുതന്നെ ആരാധകർ നിരാശരായിരുന്നു.

മത്സരത്തിനിടയിൽ പലപ്പോഴും അവർ മെസ്സിയെ ഇറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചാന്റ് ചെയ്തു. രണ്ടാം പകുതിയിൽ മെസ്സി പകരക്കാരനായി വന്നപ്പോൾ വലിയ കരഘോഷമാണ് മുഴങ്ങിയത്.ലയണൽ മെസ്സി മത്സരത്തിൽ മികച്ച ഒരു ഗോൾ നേടുകയും ചെയ്തു. ഏതായാലും ഇത് കുറിച്ച് ലയണൽ മെസ്സിയുടെ സഹതാരവും മുൻ ഇന്റർ മയാമി ക്യാപ്റ്റനുമായിരുന്ന ഡി ആൻഡ്രേ യെഡ്ലിൻ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതായത് ആരാധകർ ദേഷ്യപ്പെട്ടാൽ അവരെ കുറ്റം പറയാനാവില്ല എന്നാണ് ഈ താരം പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ ഇല്ല എന്ന് എനിക്ക് മനസ്സിലായപ്പോൾ, ആരാധകരിൽ പലരും ദേഷ്യപ്പെടുമെന്ന് ഞാൻ കണക്കുകൂട്ടിയിരുന്നു. അങ്ങനെ അവർ ദേഷ്യപ്പെട്ടാൽ നമുക്ക് ഒരിക്കലും അവരെ കുറ്റപ്പെടുത്താനാവില്ല. കാരണം ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരത്തിന്റെ പ്രകടനം കാണാൻ വേണ്ടി ഒരു കുട്ടിയോ അല്ലെങ്കിൽ ആരാധകരോ വന്ന് അത് ലഭിച്ചില്ലെങ്കിൽ അവർ ദേഷ്യപ്പെടുന്നത് തീർച്ചയായും സ്വാഭാവികമായ ഒരു കാര്യമാണ് ” ഇതാണ് യെഡ്ലിൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും മയാമിയിൽ മിന്നുന്ന പ്രകടനമാണ് മെസ്സി നടത്തുന്നത്. മെസ്സി കളിച്ച എല്ലാ മത്സരങ്ങളിലും ഇന്റർമയാമി വിജയിച്ചിട്ടുണ്ട് എന്നുള്ളത് മാത്രമല്ല ഒരു മത്സരത്തിൽ മാത്രമാണ് മെസ്സിക്ക് ഗോൾ നേടാൻ ആവാതെ പോയത്. ആകെ കളിച്ച 9 മത്സരങ്ങളിൽ നിന്നും മെസ്സി 11 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.ഇന്റർനാഷണൽ ബ്രേക്ക് കാരണം മെസ്സിക്ക് മയാമിയുടെ ചില മത്സരങ്ങൾ ഇനി നഷ്ടമാകും.

Leave a Reply

Your email address will not be published. Required fields are marked *