മെസ്സിയുടെ കാര്യം മോശമാണ്:തുറന്ന് പറഞ്ഞ് സഹതാരം
സൂപ്പർ താരം ലയണൽ മെസ്സിക്ക് കൊളംബിയക്കെതിരെയുള്ള കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിനിടെയാണ് പരിക്ക് ഏൽക്കേണ്ടി വന്നത്.തുടർന്ന് ആ മത്സരം പൂർത്തിയാക്കാൻ മെസ്സിക്ക് കഴിഞ്ഞിരുന്നില്ല. നിലവിൽ മെസ്സി പരിക്കിന്റെ പിടിയിലാണ്.ഒരു പ്രൊട്ടക്ഷൻ ബൂട്ട് ധരിച്ചു കൊണ്ടാണ് അദ്ദേഹം ഇപ്പോൾ നടക്കുന്നത്. മെസ്സി എന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. അതേക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകാൻ അദ്ദേഹത്തിന്റെ ക്ലബായ ഇന്റർമയാമി തയ്യാറായിട്ടുമില്ല.
അദ്ദേഹത്തിന്റെ സഹതാരമായ ജൂലിയൻ ഗ്രസൽ മെസ്സിയുടെ പരിക്കിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. പരിക്ക് ഒരല്പം മോശമാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മെസ്സി എന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്ന് തങ്ങൾക്കറിയില്ലെന്നും ഒരുപാട് കാലം പിടിക്കില്ല എന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത് എന്നുമാണ് ഗ്രസൽ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മെസ്സിയുടെ പരിക്ക് ഒരല്പം മോശമാണ്. അദ്ദേഹം നടക്കുന്ന രീതി കണ്ടാൽ തന്നെ നമുക്ക് അത് അറിയാൻ പറ്റും. പക്ഷേ അദ്ദേഹം വേഗത്തിൽ മുക്തനാവാൻ ശ്രമിക്കുന്നു.അതുകൊണ്ടാണ് ആ ബൂട്ടുകൾ മെസ്സി ധരിച്ചിരിക്കുന്നത്. മെസ്സി എന്ന് തിരിച്ചെത്തും എന്നുള്ളത് ഞങ്ങൾക്ക് അറിയില്ല. അത് ക്ലബ്ബ് മറച്ചു വെച്ചിരിക്കുകയാണ്. സഹതാരങ്ങൾക്ക് പോലും എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ല.ഒന്നോ രണ്ടോ മാസമൊന്നും പിടിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വളരെ വേഗത്തിൽ മെസ്സി തിരിച്ചെത്തും എന്നാണ് ഞാൻ കരുതുന്നത് ” ഇതാണ് ഗ്രസൽ പറഞ്ഞിട്ടുള്ളത്.
ഇനി ലീഗ്സ് കപ്പ് മത്സരങ്ങളിലാണ് ഇന്റർ മയാമി പങ്കെടുക്കുക.എന്നാൽ ആ മത്സരങ്ങളും മെസ്സിക്ക് നഷ്ടമായേക്കും. മെസ്സിയുടെ പരിക്കിന്റെ കൃത്യമായ വിവരങ്ങൾ പുറത്തുവിടാത്തതിൽ ഇന്റർമയാമിക്ക് വലിയ വിമർശനങ്ങൾ ഇപ്പോൾ ഏൽക്കേണ്ടി വരുന്നുണ്ട്.തങ്ങളുടെ ബിസിനസിനെ ബാധിക്കും എന്ന ഭയം കൊണ്ടാണ് ഇന്റർ മയാമി പലപ്പോഴും മെസ്സിയുടെ അപ്ഡേറ്റുകൾ മറച്ചുവെക്കുന്നത്.