മെസ്സിയുടെ ഓട്ടോഗ്രാഫ് വാങ്ങി, പിന്നാലെ ആരാധകന്റെ പണി പോയി!
സൂപ്പർ താരം ലയണൽ മെസ്സിക്ക് അസാധാരണമായ ഒരു തുടക്കമാണ് ഇന്റർ മിയാമിയിൽ ലഭിച്ചിട്ടുള്ളത്. മൂന്നു മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം ക്ലബ്ബിനു വേണ്ടി നേടി. മൂന്ന് മത്സരങ്ങളിലും ഇന്റർ മിയാമി വിജയിക്കുകയായിരുന്നു. അവരുടെ മൈതാനത്ത് വെച്ചായിരുന്നു ഈ മത്സരങ്ങൾ ഒക്കെ തന്നെയും നടന്നിരുന്നത്. അമേരിക്കൻ ഫുട്ബോളിന് വലിയ ഊർജ്ജമാണ് ഇപ്പോൾ മെസ്സി നൽകിയിട്ടുള്ളത്. മെസ്സിക്കൊപ്പം ഫോട്ടോയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും നിരവധി ആളുകളാണ് ഓരോ സമയത്തും തടിച്ചുകൂടുന്നത്.
ഇന്റർ മിയാമി സ്റ്റേഡിയത്തിലെ ക്ലീനിങ് സ്റ്റാഫാണ് ക്രിസ്റ്റ്യൻ സലമാങ്ക. ഒരു ക്ലീനിങ് കമ്പനിക്ക് വേണ്ടിയാണ് ഇദ്ദേഹം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ലയണൽ മെസ്സിയുടെ ഓട്ടോഗ്രാഫ് വാങ്ങിയതിന് പിന്നാലെ ഇദ്ദേഹത്തിന്റെ ജോലി നഷ്ടമായിട്ടുണ്ട്. ഇന്റർ മിയാമിയുടെ നിയമപ്രകാരം തൊഴിലാളികൾ താരങ്ങളെ സമീപിക്കാൻ പാടില്ല.ഇതേ കുറിച്ച് സലമാങ്ക ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Leo Messi and co training for Dallas this weekend pic.twitter.com/xqbao75JIS
— MC (@CrewsMat10) August 4, 2023
” ബസ്സുകൾ പാർക്ക് ചെയ്ത സ്ഥലത്തെ ബാത്റൂം ക്ലീൻ ചെയ്യാനായിരുന്നു എന്നെ ഏൽപ്പിച്ചിരുന്നത്. ആ സമയത്ത് അവിടേക്ക് ബസ് വന്നു.ലയണൽ മെസ്സിയായിരുന്നു ഏറ്റവും അവസാനത്തിൽ ഉണ്ടായിരുന്നത്.വേൾഡ് ചാമ്പ്യൻ എന്നാണ് ഞാൻ അദ്ദേഹത്തെ അഭിസംബോധനം ചെയ്തത്. ഞാൻ അർജന്റീനയുടെ ജേഴ്സി ധരിക്കുകയും ഒരു മാർക്കർ കരുതുകയും ചെയ്തിരുന്നു.എന്നിട്ട് ആ ജഴ്സിയിൽ മെസ്സിയോട് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടു.മെസ്സി നൽകുകയും ചെയ്തു.എന്നാൽ ഇത് സെക്യൂരിറ്റിയുടെ ശ്രദ്ധയിൽപെടുകയായിരുന്നു.തുടർന്ന് അവർ എന്നെ ജോലിയിൽ നിന്നും പുറത്താക്കി.പക്ഷേ മെസ്സിയുമായി ചെലവഴിച്ച ഓരോ സെക്കൻഡും വിലമതിക്കാനാവാത്തതാണ് ” ഇതാണ് സലമാങ്ക പറഞ്ഞിട്ടുള്ളത്.
മെസ്സി തരംഗം ഇപ്പോൾ അമേരിക്കയിൽ ഉടനീളം വ്യാപിക്കുകയാണ്. ലയണൽ മെസ്സി വന്നത് ഇന്റർമിയാമിയുടെയും MLS ന്റെയും പ്രശസ്തി വർധിപ്പിച്ചിട്ടുണ്ട്.മെസ്സിയുടെ മത്സരങ്ങൾക്കുള്ള ടിക്കറ്റ് ഡിമാൻഡ് വളരെ ഉയർന്നതാണ്.മിനിറ്റുകൾക്കകമാണ് ടിക്കറ്റുകൾ വിറ്റ് തീരുന്നത്.