മെസ്സിയും ബുസിയുമെത്തി,ഇന്റർ മിയാമിയുടെ നാളെത്തെ സാധ്യത ലൈനപ്പ് ഇതാ.

നാളെ നടക്കുന്ന ഇന്റർ മിയാമിയുടെ മത്സരത്തിൽ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും സെർജിയോ ബുസ്ക്കെറ്റ്സും അരങ്ങേറും എന്നുള്ളത് അവരുടെ പരിശീലകനായ ജെറാർഡോ മാർട്ടിനോ തന്നെ സ്ഥിരീകരിച്ചതാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30ന് നടക്കുന്ന മത്സരത്തിൽ മെക്സിക്കൻ ക്ലബ്ബായ ക്രൂസ് അസൂളാണ് ഇന്റർ മിയാമിയുടെ എതിരാളികൾ.ലീഗ്സ് കപ്പിലെ ആദ്യ മത്സരമാണ് നാളെ നടക്കുന്നത്. അതേസമയം എംഎൽഎസിൽ അവസാനമായി കളിച്ച 11 മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ഇന്റർ മിയാമിക്ക് കഴിഞ്ഞിട്ടില്ല.

അതായത് വളരെ കഠിനമായ ഒരു സമയത്തിലൂടെയാണ് ഇന്റർമിയാമി ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്.അതുകൊണ്ടുതന്നെ മികച്ച ഒരു റിസൾട്ട് ഒരിക്കലും ഇന്റർ മിയാമിയുടെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കാൻ സാധിക്കില്ല. ഏതായാലും നാളത്തെ മത്സരത്തിലെ ഇന്റർ മിയാമിയുടെ ഒരു സാധ്യത ഇലവൻ ഗോൾ ഡോട്ട് കോം പുറത്ത് വിട്ടിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.

ഗോൾകീപ്പറായി കൊണ്ട് ഡ്രൈക്ക് കല്ലെണ്ടറായിരിക്കും ഉണ്ടാവുക. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ നോഹ് അലെൻ ഇറങ്ങും. സെന്റർ ബാക്ക് പൊസിഷനിൽ കമാൽ മില്ലർ,സെർജി ക്രിസ്റ്റോവ് എന്നിവരായിരിക്കും ഉണ്ടാവുക. റൈറ്റ് ബാക്ക് പൊസിഷനിൽ ഡിആൻഡ്രേ എഡ്ലിൻ ഉണ്ടായിരിക്കും.

ഡിഫൻസിവ് മിഡ്ഫീൽഡർ റോളിലാണ് സെർജിയോ ബുസ്ക്കെറ്റ്സ് ഉണ്ടാവുക. അദ്ദേഹത്തോടൊപ്പം മധ്യനിരയിൽ ബെഞ്ചമിൻ ക്രമാഷി, ഡിക്സൺ അറോയോ എന്നിവരായിരിക്കും ഉണ്ടാവുക. ലയണൽ മെസ്സി അറ്റാക്കിങ് മിഡ്ഫീൽഡർ റോളിലായിരിക്കും കളിക്കുക. രണ്ട് സ്ട്രൈക്കർമാരെ ഇന്റർ മിയാമി അണിനിരത്തും.ജോസഫ് മാർട്ടിനസ്,ലിയനാർഡോ കമ്പാന എന്നിവരായിരിക്കും ഉണ്ടാവുക. ഇതാണ് ഇന്റർ മിയാമിയുടെ ഒരു സാധ്യത ഇലവൻ.

ലയണൽ മെസ്സിയും ബുസ്ക്കെറ്റ്സും സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. പക്ഷേ പകരക്കാരന്റെ റോളിലാണെങ്കിലും അരങ്ങേറ്റം നാളെ ഉണ്ടായേക്കും.അരങ്ങേറ്റത്തിൽ മെസ്സിക്ക് തിളങ്ങാനാകുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *