മില്യൺ കണക്കിന് മെസ്സേജുകൾ കണ്ടുകൊണ്ടാണ് ഉണർന്നത്: മെസ്സിയെ കുറിച്ച് ബെക്കാം!

സൂപ്പർ താരം ലയണൽ മെസ്സിയെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമി സ്വന്തമാക്കിയത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇന്റർ മിയാമിയിലേക്ക് ചേക്കേറാൻ ലയണൽ മെസ്സി തന്നെയാണ് തീരുമാനിച്ചത്.ഇത്രവേഗത്തിൽ അദ്ദേഹം അമേരിക്കയിലേക്ക് പോകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ 2019 മുതൽ ലയണൽ മെസ്സിക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ഇന്റർ മിയാമി ആരംഭിച്ചിരുന്നു.

ലയണൽ മെസ്സിയെ ഇന്റർ മിയാമി സൈൻ ചെയ്തത് വളരെ ഞെട്ടലോടുകൂടിയാണ് എല്ലാവരും കേട്ടത്. ഇന്റർ മിയാമിയുടെ ഉടമസ്ഥനായ ബെക്കാമിനും ഇത്തരത്തിലുള്ള ഒരു അനുഭവം തന്നെയാണ് ഉണ്ടായത്. ഇന്ററിലേക്ക് വരാൻ മെസ്സി തീരുമാനിച്ചതിന് മില്യൺ കണക്കിന് മെസ്സേജുകളാണ് തനിക്ക് ലഭിച്ചത് എന്നാണ് ബെക്കാം വെളിപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഞാൻ ഉണർന്നു നോക്കിയപ്പോൾ മില്യൺ കണക്കിന് മെസ്സേജുകളാണ് എന്റെ ഫോണിൽ ഉണ്ടായിരുന്നത്. എന്താണ് സംഭവിച്ചതെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായിരുന്നില്ല. പിന്നെയാണ് എനിക്ക് മനസ്സിലായത് ലയണൽ മെസ്സി ഇന്റർ മിയാമിയിലേക്ക് വരുന്ന കാര്യം പ്രഖ്യാപിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം അത് ഒരിക്കലും സർപ്രൈസ് ആയിരുന്നില്ല. കാരണം ഞാൻ മുമ്പ് തന്നെ ഒരുപാട് തവണ പറഞ്ഞതാണ്, മികച്ച താരങ്ങളെ ഇന്റർ മിയാമിയിലേക്ക് കൊണ്ടുവരാനുള്ള അവസരം ലഭിച്ചാൽ ഞങ്ങൾ അത് ഉപയോഗപ്പെടുത്തുമെന്നുള്ളത്. എനിക്ക് എപ്പോഴും ഞങ്ങളുടെ ആരാധകരോട് കമ്മിറ്റ്മെന്റ് ഉണ്ട്.എല്ലാം നേടിയ, ഇപ്പോഴും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു മികച്ച താരത്തെയാണ് ഞങ്ങൾ സ്വന്തമാക്കിയത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ നേട്ടം തന്നെയാണ് ” ഇതാണ് ഡേവിഡ് ബെക്കാം പറഞ്ഞിട്ടുള്ളത്.

2018 ലാണ് ഇന്റർമിയാമി എന്ന ക്ലബ്ബ് രൂപീകരിക്കപ്പെടുന്നത്. 2020 മുതലാണ് MLS ൽ ഇന്റർ മിയാമി കളിക്കാൻ ആരംഭിച്ചത്. ഡേവിഡ് ബെക്കാം ഇന്റർമിയാമി ആരംഭിച്ചത് പോലെ ഭാവിയിൽ ലയണൽ മെസ്സിക്കും അമേരിക്കയിൽ ഒരു ഫ്രാഞ്ചൈസി തുടങ്ങാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *