ബാലൺ ഡി’ഓർ ലിസ്റ്റിലുള്ള താരം മെസ്സിക്കൊപ്പം ചേരാൻ MLSലേക്ക്?

സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു യൂറോപ്പിൽ ഫുട്ബോളിനോട് വിട പറഞ്ഞത്.MLS ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടിയാണ് മെസ്സി ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. തകർപ്പൻ പ്രകടനമാണ് അമേരിക്കയിൽ മെസ്സി നടത്തുന്നത്. ആകെ കളിച്ച 11 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 5 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്.കൂടാതെ ലീഗ്സ് കപ്പും ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.

മെസ്സിയും ആൽബയും ബുസ്ക്കെറ്റ്സും എത്തിയതോടുകൂടി ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കാൻ MLS ന് സാധിച്ചിട്ടുണ്ട്.ഇപ്പോഴിതാ അത്ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർതാരമായ അന്റോയിൻ ഗ്രീസ്മാനും MLS ലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ്. പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ ദിവസം ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ബാലൺഡി’ഓറിന്റെ 30 അംഗ നോമിനേഷൻ ലിസ്റ്റ് പ്രഖ്യാപിച്ചിരുന്നു. അതിൽ ഇടം നേടാൻ കഴിഞ്ഞിട്ടുള്ള താരമാണ് ഗ്രീസ്മാൻ. അദ്ദേഹം ഇപ്പോൾ അത്ലറ്റിക്കോ മാഡ്രിഡ് വിടാൻ ആലോചിക്കുന്നുണ്ട്.താരത്തിന്റെ പകരക്കാരന് വേണ്ടിയുള്ള ശ്രമങ്ങൾ ക്ലബ്ബ് ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്.യുവന്റസ് സൂപ്പർതാരമായ ഫെഡറിക്കോ കിയേസക്ക് വേണ്ടിയാണ് അത്ലറ്റിക്കോ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാനാണ് ഗ്രീസ്മാന്റെ പദ്ധതികൾ.

എംഎൽഎസിൽ നിന്നും അദ്ദേഹത്തിന് ഓഫറുകൾ ഉണ്ട്. ഇന്റർ മയാമിയുടെ ഓഫർ വന്നാൽ അത് സ്വീകരിക്കാൻ ഈ സൂപ്പർ താരം തയ്യാറായിക്കഴിഞ്ഞു എന്നാണ് സ്പോർട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.എംഎൽഎസിൽ കളിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ട് എന്നുള്ള കാര്യം നേരത്തെ തന്നെ ഒരു അഭിമുഖത്തിൽ ഗ്രീസ്മാൻ പറഞ്ഞതാണ്. പ്രഷർ കുറഞ്ഞ ഒരു സ്ഥലത്ത് കളിക്കാനാണ് ഇപ്പോൾ അദ്ദേഹം ആഗ്രഹിക്കുന്നത്. അടുത്ത കലണ്ടർ വർഷമാണ് MLS ൽ പുതിയ സീസൺ ആരംഭിക്കുക. അപ്പോഴേക്കും അവിടെ എത്താനായിരിക്കും ഗ്രീസ്മാൻ ഉദ്ദേശിക്കുന്നത്. നിലവിൽ 2026 വരെയാണ് അദ്ദേഹത്തിന് മാഡ്രിഡുമായി കരാർ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *