ഫ്രഞ്ച് ഗോൾകീപ്പറും എംഎൽഎസിലേക്ക്, ലോറിസിനെ സ്വന്തമാക്കി വമ്പന്മാർ!

അമേരിക്കൻ ലീഗായ എംഎൽഎസ് സമീപകാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന ലീഗുകളിൽ ഒന്നാണ്.കാരണം മറ്റൊന്നുമല്ല,സൂപ്പർ താരം ലയണൽ മെസ്സിയുടെ സാന്നിധ്യം തന്നെയാണ്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിയത്.അതിന് പിന്നാലെ ഒരുപാട് സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ ഇന്റർ മയാമിക്ക് കഴിഞ്ഞു.

ജോർഡി ആൽബ,സെർജിയോ ബുസ്ക്കെറ്റ്സ് എന്നിവർക്ക് പിന്നാലെ ലൂയി സുവാരസിനെ സ്വന്തമാക്കാനും ഇന്റർ മയാമിക്ക് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല മറ്റുള്ള ക്ലബ്ബുകളും പുതിയ സീസണിനു മുന്നേ കൂടുതൽ സൂപ്പർ താരങ്ങളെ യൂറോപ്പിൽ നിന്നും സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ് LAFC യുടെ അത്തരത്തിലുള്ള ഒരു ശ്രമം ഫലം കണ്ടിട്ടുണ്ട്. ഫ്രഞ്ച് ഗോൾകീപ്പറായ ഹ്യൂഗോ ലോറിസിനെ LAFC സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.

പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാമിൽ നിന്നാണ് ഈ ഗോൾകീപ്പറെ LAFC സ്വന്തമാക്കിയത്.ഒരു വർഷത്തേക്കുള്ള കോൺട്രാക്ട് ആണ് അദ്ദേഹം ഒപ്പു വച്ചിരിക്കുന്നത്.കോൺട്രാക്ട് പുതുക്കാനുള്ള ഓപ്ഷൻ ലഭ്യമാണ്. താരത്തെ പെർമനന്റ് ഡീലിൽ തന്നെയാണ് അമേരിക്കൻ ക്ലബ്ബ് സ്വന്തമാക്കിയിട്ടുള്ളത്.വിസ ശരിയായാൽ ഉടൻ അദ്ദേഹം അമേരിക്കയിലേക്ക് പറക്കും.

നാളെ താരത്തിന് ഒരു അർഹിച്ച യാത്രയയപ്പ് നൽകാൻ ടോട്ടൻഹാം തീരുമാനിച്ചിട്ടുണ്ട്. 2012 മുതൽ ക്ലബ്ബിന് വേണ്ടി കളിക്കുന്ന താരമാണ് ലോറിസ്.ഈ സീസണിൽ അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെയാണ് താരം ക്ലബ്ബ് വിടാൻ തീരുമാനിച്ചത്.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ അർജന്റീനക്കെതിരെ ഫ്രാൻസിലെ ഗോൾ വല കാത്തിരുന്നത് ലോറിസായിരുന്നു. ആ തോൽവിക്ക് പിന്നാലെ അദ്ദേഹം ദേശീയ ടീമിൽ നിന്ന് വിരമിക്കുകയും ചെയ്തു. ഏതായാലും ലോറിസും മെസ്സിയും ഇനി മുഖാമുഖം വരുന്ന മത്സരങ്ങൾ അമേരിക്കയിൽ കാണാം.

Leave a Reply

Your email address will not be published. Required fields are marked *