പിതാവിന്റെ വഴിയേ മകനും, മയാമിക്ക് വേണ്ടി അസാധാരണ പ്രകടനവുമായി തിയാഗോ മെസ്സി!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർതാരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിച്ചേർന്നത്.കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം മെസ്സി നടത്തിയിട്ടുണ്ട്. മയാമിയിൽ എത്തിയ ഉടനെ തന്നെ അദ്ദേഹം തന്റെ മക്കളെ ക്ലബ്ബിന്റെ ഭാഗമാക്കിയിരുന്നു. മൂത്ത മകനായ തിയാഗോ മെസ്സിയെയും രണ്ടാമത്തെ മകനായ മാറ്റിയോ മെസ്സിയെയും ഇന്റർ മയാമി അക്കാദമിയുടെ ഭാഗമാക്കുകയായിരുന്നു ഇദ്ദേഹം ചെയ്തിരുന്നത്.

മാറ്റിയോ മെസ്സിയുമായി ബന്ധപ്പെട്ട വാർത്തകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. അദ്ദേഹം മികച്ച സ്കില്ലുകൾ പുറത്തെടുക്കുന്നതിന്റെയും ബൈസിക്കിൾ കിക്ക് ഗോൾ നേടിയതിന്റെയുമൊക്കെ വീഡിയോസ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. അതുപോലെതന്നെ മെസ്സിയുടെ മൂത്തമകനായ തിയാഗോ മെസ്സിയും ഇപ്പോൾ ശ്രദ്ധേയനാവുകയാണ്. മികച്ച പ്രകടനമാണ് ഇന്റർ മയാമിയുടെ അണ്ടർ 12 ടീമിന് വേണ്ടി തിയാഗോ പുറത്തെടുത്തിട്ടുള്ളത്.

ആകെ കളിച്ചത് ആറ് മത്സരങ്ങളാണ്.അതിൽനിന്ന് 13 ഗോളുകളും 7 അസിസ്റ്റുകളും സ്വന്തമാക്കാൻ തിയാഗോക്ക് സാധിച്ചിട്ടുണ്ട്.മികച്ച കണക്കുകൾ തന്നെയാണ് അദ്ദേഹത്തിന് അവകാശപ്പെടാൻ സാധിക്കുന്നത്. മാത്രമല്ല താരത്തിന്റെ ഡ്രിബ്ലിങ് മികവ് തെളിയിക്കുന്ന വീഡിയോ കോമ്പിലേഷനുകളും ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.മെസ്സിയുടേതിന് സമാനമായ നീക്കങ്ങളാണ് തിയാഗോയിൽ നിന്നും നമുക്ക് കാണാൻ സാധിക്കുക.

മെസ്സി തന്റെ മക്കളെ സപ്പോർട്ട് ചെയ്യാൻ വേണ്ടി സാധ്യമാകുന്ന സമയത്തെല്ലാം ഇൻഡർ മയാമിയുടെ അക്കാദമി സന്ദർശിക്കാറുണ്ട്. നിലവിൽ 11 വയസ്സുള്ള തിയാഗോ മെസ്സിക്ക് അധികകാലം അണ്ടർ 12 ടീമിന്റെ ഭാഗമാകാൻ കഴിയില്ല. ഈ വർഷം നവംബർ മാസത്തോടുകൂടി അദ്ദേഹം അണ്ടർ 12 ടീമിൽ നിന്നും മാറേണ്ടിവന്നേക്കും. ഏതായാലും ലയണൽ മെസ്സിയെ അനുസ്മരിപ്പിക്കുന്ന രൂപത്തിലുള്ള താരത്തിന്റെ പ്രകടനം ആരാധകർക്ക് ചെറുതല്ലാത്ത സന്തോഷം നൽകുന്ന ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *