പിതാവിന്റെ വഴിയേ മകനും,ഹാട്രിക്ക് നേട്ടവുമായി മാറ്റിയോ മെസ്സി!

സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിച്ചുകൊണ്ട് അമേരിക്കയിലേക്ക് എത്തിയത്.അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടിയാണ് മെസ്സി ഇപ്പോൾ കളിക്കുന്നത്.മാത്രമല്ല മെസ്സി തന്റെ മക്കളെയും ഇന്റർ മയാമി അക്കാദമിയുടെ ഭാഗമാക്കിയിരുന്നു. മൂത്തവനായ തിയാഗോ മെസ്സിയും രണ്ടാമത്തെ മകനായ മാറ്റിയോ മെസ്സിയും ഇന്റർ മയാമി അക്കാദമി ടീമുകൾക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

ഇതിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത് മാറ്റിയോ മെസ്സി തന്നെയാണ്.ഈയിടെ ഒരു തകർപ്പൻ ബൈസിക്കിൾ കിക്ക് ഗോൾ അദ്ദേഹം നേടിയത് ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹം ഹാട്രിക് ഗോൾ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 8 വയസ്സ് പ്രായമുള്ള താരം മായാമിയുടെ അക്കാദമി ടീമിന് വേണ്ടിയാണ് ഹാട്രിക്ക് കരസ്ഥമാക്കിയിട്ടുള്ളത്. അതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം വൈറലാണ്.

മെസ്സിയുമായുള്ള സാമ്യതകൾ പലതും ആരാധകർ കണ്ടെത്തി തുടങ്ങിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മാറ്റിയോയുടെ ഡ്രിബ്ലിങ് തന്നെയാണ്. മെസ്സിയുടെ ശൈലി മാറ്റിയോക്കാണ് ലഭിച്ചിട്ടുള്ളത് എന്നാണ് പലരുടെയും അഭിപ്രായം. എന്നാൽ ഇവിടെ ഒരു വ്യത്യാസം നിലനിൽക്കുന്നുണ്ട്. എന്തെന്നാൽ മെസ്സി ഇടതു കാലായിരുന്നുവെങ്കിൽ മാറ്റിയോ വലതു കാലാണ്. സ്പാനിഷ് മാധ്യമമായ മാർക്ക ഉൾപ്പെടെയുള്ളവർ ആരാധകരുടെ നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മയാമിയുടെ അക്കാദമി ടീമിന് വേണ്ടി ഇതിനോടകം തന്നെ പത്ത് ഗോളുകൾ നേടാൻ മാറ്റിയോ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. ഏതായാലും തനിക്ക് ലഭിച്ച ടാലന്റ് കൂടുതൽ ഉപയോഗപ്പെടുത്താൻ ഭാവിയിൽ മാറ്റിയോക്ക് സാധിക്കും എന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്. ലയണൽ മെസ്സി പുതിയ സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങളിൽ ആണ് നിലവിലുള്ളത്. ഫെബ്രുവരിയിലാണ് അമേരിക്കൻ ലീഗ് ആരംഭിക്കുക. എന്നാൽ അതിനുമുൻപ് നിരവധി സൗഹൃദമത്സരങ്ങൾ ഇന്റർ മയാമി കളിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *