പഴയ ബാഴ്സയെ പുനർ നിർമിക്കാൻ ഇന്റർ മിയാമി, ഇനിയേസ്റ്റയേയും സ്വന്തമാക്കിയേക്കും!

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരമായ ലയണൽ മെസ്സിയെ സ്വന്തമാക്കിയതിലൂടെ പ്രശസ്തി പിടിച്ചു പറ്റിയ ക്ലബ്ബാണ് ഇന്റർ മിയാമി. ഇതിന് പിന്നാലെ അവർ മറ്റൊരു ബാഴ്സ ഇതിഹാസമായ സെർജിയോ ബുസ്ക്കെറ്റ്സിനെയും ടീമിലെത്തിച്ചിരുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ലയണൽ മെസ്സിയും സെർജിയോ ബുസ്ക്കെറ്റ്സും ഒരുമിച്ചിരിക്കുന്നത്.

മറ്റൊരു ബാഴ്സ സൂപ്പർതാരമായ ജോർഡി ആൽബ നിലവിൽ ഫ്രീ ഏജന്റാണ്. അദ്ദേഹത്തെ സ്വന്തമാക്കാനും ഇന്റർ മിയാമിക്ക് താല്പര്യമുണ്ട്.ഇതിനൊക്കെ പുറമേ മറ്റൊരു വാർത്ത കൂടി ഇപ്പോൾ സ്പാനിഷ് മാധ്യമമായ RAC 1 പുറത്തുവിട്ടിട്ടുണ്ട്. മറ്റൊരു ബാഴ്സലോണ ഇതിഹാസമായ ആൻഡ്രസ് ഇനിയേസ്റ്റയെ കൂടി സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ ഇന്റർ മിയാമി ഉള്ളത്.

2018ലായിരുന്നു ഇനിയേസ്റ്റ ജാപ്പനീസ് ക്ലബ്ബായ വിസൽ കോബേയിലേക്ക് ചേക്കേറിയത്. അഞ്ചുവർഷക്കാലമാണ് അദ്ദേഹം അവിടെ ചിലവഴിച്ചത്. ഇപ്പോൾ ഇനിയേസ്റ്റ ഫ്രീ ഏജന്റാണ്. 39 കാരനായ താരത്തിന് പുതിയ ഒരു ക്ലബ്ബിന് ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇന്റർ മിയാമി താരത്തിന് ഒരു ഓഫർ നൽകി എന്നാണ് അറിയാൻ സാധിക്കുന്നത്.

ഈ അമേരിക്കൻ ക്ലബ്ബിന്റെ ഓഫർ ഇനിയേസ്റ്റ സ്വീകരിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. അതേസമയം അദ്ദേഹത്തിന്റെ മുന്നിലുള്ള മറ്റൊരു ഓപ്ഷൻ സൗദി അറേബ്യയാണ്.തീർച്ചയായും അവിടെ നിന്നും അദ്ദേഹത്തിന് ഓഫറുകൾ ലഭിച്ചേക്കും. വരും ദിവസങ്ങളിൽ തന്റെ ഭാവിയെക്കുറിച്ചുള്ള ഒരു ഫൈനൽ ഡിസിഷൻ ഈ സ്പാനിഷ് ഇതിഹാസം എടുത്തേക്കും. ബാഴ്സക്ക് വേണ്ടി 600 പരം മത്സരങ്ങളും സ്പെയിനിന് വേണ്ടി നൂറിൽപരം മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ഇനിയേസ്റ്റ. മെസ്സിയും ഇനിയേസ്റ്റയും ബുസ്ക്കെറ്റ്സും ആൽബയുമടങ്ങുന്ന ബാഴ്സലോണ നിരവധി കിരീടങ്ങൾ സ്വന്തമാക്കിയിരുന്നു. ആ പഴയ ബാഴ്സയെ ഒരിക്കൽ കൂടി ഒരുമിപ്പിക്കാനാണ് ഇപ്പോൾ ഇന്റർ മിയാമി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *