താരങ്ങൾ മാനസികമായും ശാരീരികമായും തളർന്നു:വിമർശിച്ച് ഇന്റർ മയാമി കോച്ച്.

സൂപ്പർ താരം ലയണൽ മെസ്സി വന്നതോടുകൂടി ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞ ക്ലബ്ബാണ് ഇന്റർ മയാമി. എന്നാൽ നിരവധി മത്സരങ്ങളാണ് തുടർച്ചയായി അവർക്ക് കളിക്കേണ്ടി വരുന്നത്. 73 ദിവസത്തിനിടെ അവർ 17 മത്സരങ്ങൾ കളിച്ചു കഴിഞ്ഞു.മതിയായ വിശ്രമം ഇവർക്ക് ലഭിക്കുന്നില്ല. മാത്രമല്ല അമേരിക്കയിൽ വലിയ ദൂരങ്ങൾ സഞ്ചരിക്കേണ്ടി വരുന്നതും ഈ താരങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്.

ഇന്റർ മയാമിയുടെ താരങ്ങളായ ലയണൽ മെസ്സി,ജോർഡി ആൽബ,ഡിയഗോ ഗോമസ് എന്നിവരൊക്കെ പരിക്കിന്റെ പിടിയിലാണ്. ഏതായാലും തുടർച്ചയായി മത്സരങ്ങൾ കളിക്കേണ്ടി വരുന്നതിനെതിരെ ഇന്റർ മയാമിയുടെ പരിശീലകനായ ടാറ്റ മാർട്ടിനോ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.താരങ്ങൾ മാനസികമായും ശാരീരികമായും തളർന്നു എന്നാണ് ഈ കോച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ തുടർച്ചയായി കളിച്ച മത്സരങ്ങളുടെ എണ്ണം ശരിക്കും ഭ്രാന്ത് പിടിപ്പിക്കുന്നതാണ്.എല്ലാം നിർണായക മത്സരങ്ങളായിരുന്നു. അത് ശാരീരികമായും മാനസികമായും എന്റെ താരങ്ങളെ തളർത്തി കളഞ്ഞിട്ടുണ്ട്. ഞങ്ങളുടെ പ്രധാനപ്പെട്ട താരങ്ങൾ ഇല്ലാതെയാണ് ഞങ്ങൾ പോരാടുന്നത്. നിർണായക മത്സരങ്ങളിൽ യുവ താരങ്ങളെ ഉപയോഗിച്ചുകൊണ്ടാണ് ഞങ്ങൾ കളിക്കുന്നത്. വരുന്ന മത്സരവും പ്രധാനപ്പെട്ടതാണ് ” ഇതാണ് മാർട്ടിനോ പറഞ്ഞിട്ടുള്ളത്.

ഇനി കേവലം നാലു മത്സരങ്ങൾ മാത്രമാണ് അമേരിക്കൻ ലീഗിൽ ഇൻഡർ മയാമിക്ക് അവശേഷിക്കുന്നത്. അടുത്ത മത്സരത്തിൽ ഷിക്കാഗോയാണ് മയാമിയുടെ എതിരാളികൾ. ആ മത്സരത്തിലും ലയണൽ മെസ്സി കളിക്കില്ല. അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ഇന്റർ മയാമിക്ക് സാധിച്ചിട്ടില്ല എന്നുള്ളതാണ് വസ്തുത.

Leave a Reply

Your email address will not be published. Required fields are marked *