ഡ്രിബ്ലിങ് കുറച്ചത് എന്ത് കൊണ്ട്? മെസ്സി പറയുന്നു!
2022 വേൾഡ് കപ്പ് നേടിയതിന് പിന്നാലെയാണ് ലയണൽ മെസ്സി യൂറോപ്യൻ ഫുട്ബോൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. പിന്നീട് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് മെസ്സി എത്തുകയായിരുന്നു.MLS ൽ അഡാപ്റ്റാവാൻ മെസ്സിക്ക് ബുദ്ധിമുട്ടുകൾ ഒന്നും നേരിടേണ്ടി വന്നിരുന്നില്ല. വളരെ വേഗത്തിൽ അഡാപ്റ്റായ മെസ്സി ഗംഭീര പ്രകടനം നടത്തുകയും ലീഗ്സ് കപ്പ് ഇന്റർമയാമിക്ക് നേടിക്കൊടുക്കുകയും ചെയ്തിരുന്നു.ആ ടൂർണമെന്റിലെ ടോപ്പ് സ്കോററായും മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടത് മെസ്സി തന്നെയായിരുന്നു.
എന്നാൽ മെസ്സിയുടെ ശൈലിയിൽ പതിയെ പതിയെ മാറ്റങ്ങൾ വരുന്നുണ്ട്. ഒരുപാട് ഡ്രിബിൾ ചെയ്തിരുന്ന മെസ്സി,ഇപ്പോൾ അതിൽ കുറവ് വരുത്തിയിട്ടുണ്ട്.ഡ്രിബ്ലിങ്ങിനേക്കാൾ മെസ്സി പ്രാധാന്യം നൽകുന്നത് ഇപ്പോൾ പാസിങ്ങിനാണ്. ഇതിന്റെ കാരണം ഫാബ്രിസിയോ റൊമാനോക്ക് നൽകിയ അഭിമുഖത്തിൽ മെസ്സി തന്നെ വിശദീകരിച്ചിട്ടുണ്ട്. പ്രായം കാരണമാണ് ശൈലിയിൽ മാറ്റം വരുത്തിയത് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞാൻ എന്റെ കളി ശൈലിയിൽ മാറ്റം വരുത്തിയത് സാഹചര്യം കൊണ്ടാണ്. എന്റെ പ്രായം കൂടി പരിഗണിച്ചുകൊണ്ടാണ് മാറ്റങ്ങൾ വരുത്തിയത്.എല്ലാത്തിനോടും ഞാനിപ്പോൾ അഡാപ്റ്റായി കൊണ്ടിരിക്കുകയാണ്.ഞാൻ സ്വയം നവീകരിക്കപ്പെടുകയായിരുന്നു.എന്നിട്ട് ലീഗുമായി അഡാപ്റ്റായി.അത് എന്നെ സംബന്ധിച്ചിടത്തോളം പുതിയതാണ്. അതുകൊണ്ടുതന്നെ തുടക്കം തൊട്ടേ ഞാൻ ഇവിടെ വളരെയധികം കംഫർട്ടബിളാണ് “ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
37 കാരനായ മെസ്സി ഇപ്പോഴും ഗംഭീര പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കൻ ലീഗിൽ 19 മത്സരങ്ങൾ മാത്രം കളിച്ച മെസ്സി 20 ഗോളുകളും 10 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.മെസ്സിയുടെയും സുവാരസിന്റെയും മികവിൽ ഇന്റർമയാമി ഇത്തവണത്തെ ഷീൽഡ് സ്വന്തമാക്കിയിരുന്നു. പരിക്കുകൾ മാത്രമാണ് ഈ സീസണിൽ മെസ്സിക്ക് ഒരു തടസ്സമായി നിലകൊണ്ടിരുന്നത്.