ഒഫീഷ്യൽ: അർജന്റീനയിൽ നിന്നും ഡിഫൻഡറെ സ്വന്തമാക്കി ഇന്റർമയാമി
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിന്റെ ശക്തി ഒന്നുകൂടി വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് നേരത്തെ തന്നെ ഇന്റർമയാമി തുടക്കം കുറിച്ചിരുന്നു.കൂടുതൽ യുവതാരങ്ങളെ എത്തിക്കുന്നതിനാണ് അവർ ശ്രദ്ധ നൽകുന്നത്. ലയണൽ മെസ്സി വന്നതിനുശേഷം അവർക്ക് കാര്യങ്ങൾ എളുപ്പമാണ്.കൂടുതൽ യുവതാരങ്ങളെ ആകർഷിക്കാൻ അവർക്ക് സാധിക്കുന്നുണ്ട്.പല അർജന്റൈൻ പ്രതിഭകളെയും അവർ സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിതാ അർജന്റീനയിൽ നിന്നും മറ്റൊരു താരത്തെക്കൂടി ഇന്റർ മയാമി സ്വന്തമാക്കിയിട്ടുണ്ട്.അർജന്റൈൻ ക്ലബ്ബായ റിവർ പ്ലേറ്റിന്റെ പ്രതിരോധനിരതാരമായ ഡേവിഡ് മാർട്ടിനസിനെയാണ് ഇന്റർ മയാമി സ്വന്തമാക്കിയിട്ടുള്ളത്. അർജന്റീനയിൽ ജനിച്ച് അർജന്റീനയിൽ തന്നെ കളിച്ചു വളർന്ന താരമാണ് മാർട്ടിനസ്. പക്ഷേ പരാഗ്വയുടെ ദേശീയ ടീമിനെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.അവർക്കുവേണ്ടി 9 മത്സരങ്ങൾ ഈ താരം കളിച്ചിട്ടുണ്ട്. നേരത്തെ അർജന്റീനയുടെ അണ്ടർ 17 ടീമിന് വേണ്ടിയും ഈ ഡിഫന്റർ കളിച്ചിട്ടുണ്ട്. പിന്നീട് പരാഗ്വയെ ഈ താരം തിരഞ്ഞെടുക്കുകയായിരുന്നു.
ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് റിവർ പ്ലേറ്റിൽ നിന്നും താരം മെസ്സിയുടെ ക്ലബ്ബിലേക്ക് എത്തിയിട്ടുള്ളത്.അതിനുശേഷം വേണമെങ്കിൽ സ്ഥിരപ്പെടുത്താനുള്ള ഓപ്ഷനും ക്ലബ്ബിന് ലഭ്യമാണ്. 26 കാരനായ താരം ഇതുവരെ അർജന്റീനയിൽ മാത്രമാണ് കളിച്ചിട്ടുള്ളത്.2018 ലാണ് പ്രൊഫഷണൽ അരങ്ങേറ്റം താരം കുറിച്ചത്. ആകെ 118 മത്സരങ്ങൾ ഡിഫൻഡർ കളിച്ചു കഴിഞ്ഞു. 2021ലെ കോപ്പ അമേരിക്കയിൽ പരാഗ്വയുടെ ദേശീയ ടീമിനുവേണ്ടി ഈ താരം കളിച്ചിട്ടുണ്ട്. അത് 11 മത്സരങ്ങൾ കളിച്ച മാർട്ടിനസ് ഒരു ഗോളും നേടിയിട്ടുണ്ട്.
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ഇന്റർമയാമി നടത്തിക്കൊണ്ടിരിക്കുന്നത്. പോയിന്റ് പട്ടികയിൽ അവർ തന്നെയാണ് ഒന്നാം സ്ഥാനത്ത്.മെസ്സിയുടെയും സുവാരസിന്റെയുമൊക്കെ അഭാവത്തിലും മികവ് തുടരാൻ ക്ലബ്ബിന് കഴിഞ്ഞിരുന്നു. നിലവിൽ പരിക്കിന്റെ പിടിയിലാണ് മെസ്സിയുള്ളത്. കുറച്ച് മത്സരങ്ങൾ കൂടി അദ്ദേഹത്തിന്റെ അഭാവത്തിലാണ് ഇന്റർമയാമി കളിക്കുക.