ഇന്റർ മിയാമിയെ മാറ്റിമറിച്ചു, മെസ്സിക്ക് ലഭിച്ചത് തന്റെ കരിയറിലെ ഏറ്റവും മികച്ച തുടക്കം!
സൂപ്പർ താരം ലയണൽ മെസ്സി വന്നതോടുകൂടി അത്ഭുതകരമായ ഒരു മാറ്റമാണ് അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് ഉണ്ടായിട്ടുള്ളത്.തുടർച്ചയായ ആറ് മത്സരങ്ങളിൽ വിജയിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ഒരു ഇന്റർ മിയാമിയായിരുന്നു മെസ്സി വരുന്നതിനു മുന്നേ ഉണ്ടായിരുന്നത്. എന്നാൽ മെസ്സി വന്നതിനുശേഷം കളിച്ച മൂന്നു മത്സരങ്ങളിലും ഇന്റർ മിയാമി വിജയിച്ചു കഴിഞ്ഞു.ലീഗ്സ് കപ്പിൽ ഇപ്പോൾ പ്രീ ക്വാർട്ടറിലാണ് ഇന്റർ മിയാമി ഉള്ളത്.
ഈ മാറ്റത്തിന് കാരണം ലയണൽ മെസ്സി തന്നെയാണ്.സ്വപ്നതുല്യമായ ഒരു തുടക്കമാണ് അദ്ദേഹത്തിന് ഇപ്പോൾ ഇന്റർ മിയാമിൽ ലഭിച്ചിട്ടുള്ളത്.മൂന്ന് മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ അദ്ദേഹം നേടിക്കഴിഞ്ഞു.ഇതിനുപുറമേ ഒരു അസിസ്റ്റും അദ്ദേഹം നേടിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് മെസ്സി തന്നെയായിരുന്നു. എല്ലാ മത്സരങ്ങളും ഇന്റർ മിയാമി വിജയിക്കുകയും ചെയ്തു.
Messi career goals.
— Barca Galaxy 🇵🇱 (@barcagalaxy) August 3, 2023
via @EmilioSansolini pic.twitter.com/8R2CUa2mUJ
തന്റെ കരിയറിലെ ഏറ്റവും മികച്ച തുടക്കമാണ് ലയണൽ മെസ്സിക്ക് ഇപ്പോൾ മിയാമിയിൽ ലഭിച്ചിട്ടുള്ളത്. ബാഴ്സലോണയിലോ പിഎസ്ജിയിലൊ ഇത്തരത്തിലുള്ള ഒരു തുടക്കം മെസ്സിക്ക് ലഭിച്ചിട്ടില്ല. 2004 ലായിരുന്നു മെസ്സി ബാഴ്സക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ആദ്യ മൂന്നു മത്സരങ്ങളിൽ നിന്ന് ഗോളുകളോ അസിസ്റ്റുകളോ നേടാൻ മെസ്സിക്ക് കഴിഞ്ഞിരുന്നില്ല. 2021 ലാണ് ലയണൽ മെസ്സി പിഎസ്ജിക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്.മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് മെസ്സി നേടിയിരുന്നത്. ഈ ക്ലബ്ബുകളെ അപേക്ഷിച്ച് നോക്കുമ്പോൾ കിടിലൻ തുടക്കമാണ് മെസ്സിക്ക് മിയാമിയിൽ കിട്ടിയിട്ടുള്ളത്.
ഇനി പ്രീ ക്വാർട്ടർ മത്സരത്തിൽ ഡല്ലസ് എഫ്സിയാണ് ഇന്റർ മിയാമിയുടെ എതിരാളികൾ. വരുന്ന തിങ്കളാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം അരങ്ങേറുക. അതേസമയം MLS ലെ മെസ്സിയുടെ അരങ്ങേറ്റം ഓഗസ്റ്റ് 21 ആം തീയതിയാണ് ഉണ്ടാവുക.ഷാർലെറ്റ് എഫ്സിയാണ് ഈ മത്സരത്തിൽ ഇന്റർ മിയാമിയുടെ എതിരാളികൾ.