ഇന്റർ മയാമിക്കെതിരെ ഫ്രണ്ട്ലി മത്സരം കളിക്കാൻ മെസ്സിയുടെ മുൻ ക്ലബ്ബ്.
സൂപ്പർ താരം ലയണൽ മെസ്സി എത്തിയതോടുകൂടിയാണ് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയുടെ പേരും പ്രശസ്തിയും വർദ്ധിച്ചത്. കളത്തിനകത്തും പുറത്തും വലിയ ഇമ്പാക്ട് സൃഷ്ടിക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ന് ലോകം തന്നെ ശ്രദ്ധിക്കുന്ന ക്ലബ്ബായി മാറാൻ ഇന്റർ മയാമിക്ക് സാധിച്ചിട്ടുണ്ട്.
ലയണൽ മെസ്സിയുടെ മുൻ ക്ലബ്ബാണ് അർജന്റൈൻ ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്സ്. മെസ്സി ഈ ക്ലബ്ബിന്റെ അക്കാദമിയിലൂടെയായിരുന്നു വളർന്നുവന്നിരുന്നത്. ഇപ്പോഴിതാ ന്യൂവെൽസ് ഓൾഡ് ബോയ്സ് ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്കെതിരെ സൗഹൃദ മത്സരം കളിക്കാൻ ആഗ്രഹിക്കുന്നുണ്ട്.മാത്രമല്ല അതിനു വേണ്ടിയുള്ള പരിശ്രമങ്ങൾ അവർ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
🚨Cadena3Rosario: “Inter Miami may face the Newls Old Boys in a friendly at DRV PNK in February.” #Messi #InterMiamiCF #MLS pic.twitter.com/AJmreqvgGe
— Inter Miami FC Hub (@Intermiamifchub) September 29, 2023
അടുത്തവർഷം ഫെബ്രുവരി അവസാനത്തിലാണ് പുതിയ MLS സീസണിന് തുടക്കമാവുക. അതിനു മുന്നേ ഇന്റർമയാമി പ്രീ സീസണിൽ സൗഹൃദ മത്സരങ്ങൾ കളിക്കും. അതിൽ ഒരു മത്സരം ന്യൂവെൽസ് ഓൾഡ് ബോയ്സിനെതിരെയാവാനാണ് സാധ്യത. അടുത്തവർഷം ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും ഈ സൗഹൃദ മത്സരം നടക്കുക.ഇന്റർ മയാമിയുടെ മൈതാനത്ത് വച്ചുകൊണ്ട് തന്നെയായിരിക്കും മത്സരം നടക്കുക. പക്ഷേ ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.
മെസ്സിയുടെ മാത്രമല്ല, ഇന്ററിന്റെ ഇപ്പോഴത്തെ പരിശീലകനായ ടാറ്റ മാർട്ടിനോയുടെ മുൻ ക്ലബ്ബ് കൂടിയാണ് ന്യൂവെൽസ് ഓൾഡ് ബോയ്സ്. അവരുടെ ഇതിഹാസമാണ് മാർട്ടിനോ. താരമായി കൊണ്ടും പരിശീലകനായി കൊണ്ടും അദ്ദേഹം അവിടെ പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ പരിശീലകനും ഇത് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.