ഇന്റർമയാമിയിലേക്ക് വരൂ , പഴയ നെയ്മറാവാം: മുൻ അമേരിക്കൻ താരം!
ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ദീർഘകാലം അദ്ദേഹം പരിക്കിന്റെ പിടിയിലായിരുന്നു. അതിനുശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ നെയ്മർ വീണ്ടും പരിക്കിന്റെ പിടിയിൽ അകപ്പെട്ടിട്ടുണ്ട്.പരിക്കിൽ നിന്നും പൂർണമായും മുക്തനാവാൻ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. താരത്തെ മികച്ച രൂപത്തിൽ കളിക്കളത്തിൽ കാണാൻ കഴിയാത്തത് ആരാധകരെ വല്ലാതെ നിരാശപ്പെടുത്തുന്ന കാര്യമാണ്.വരുന്ന സമ്മറിൽ അൽ ഹിലാലുമായുള്ള അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിക്കും.ഈ കരാർ ക്ലബ്ബ് പുതുക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ വ്യക്തതകൾ കൈവന്നിട്ടില്ല.
അദ്ദേഹം വരുന്ന സമ്മറിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമിയിലേക്കെത്തും എന്നുള്ള റൂമറുകൾ സജീവമാണ്.സാലറി നിയന്ത്രണങ്ങളിൽ എംഎൽഎസ് മാറ്റം വരുത്തിയാൽ നെയ്മർക്ക് ഇന്റർമയാമിയിൽ എത്താൻ സാധിക്കും.മുൻ അമേരിക്കൻ താരമായ ഹെർക്കുലീസ് ഗോമസ് ഇതുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. നെയ്മർ ഇന്റർമയാമിയിൽ തന്റെ സുഹൃത്തുക്കളോടൊപ്പം ചേർന്നാൽ പഴയ ആ മികവ് വീണ്ടെടുക്കാൻ കഴിയും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ഗോമസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” നെയ്മർ ഇന്റർമയാമിയിലേക്ക് വരാൻ ആഗ്രഹിക്കുന്നു എന്നുള്ളത് മാത്രമല്ല,മറിച്ച് അദ്ദേഹത്തിന് അത് ആവശ്യമാണ്. മെസ്സിക്കും സുഹൃത്തുക്കളോടൊപ്പവും ചേർന്നാൽ മാത്രമേ നെയ്മർക്ക് തന്റെ പഴയ മികവ് കണ്ടെടുക്കാൻ സാധിക്കുകയുള്ളൂ.ഇന്റർമയാമിയിലേക്ക് വരുന്നതാണ് അദ്ദേഹത്തിന് നല്ലത്.സുവാരസ് ഇപ്പോൾ ചെയ്യുന്നത് നോക്കൂ.മികച്ച പ്രകടനം അദ്ദേഹം നടത്തുന്നുണ്ട്.നെയ്മർ ക്കും അതുപോലെ മികച്ച പ്രകടനം നടത്താൻ കഴിയും. മാത്രമല്ല അത് ബ്രസീലിന്റെ ദേശീയ ടീമിന് ഉപകാരപ്പെടുകയും ചെയ്യും “ഇതാണ് മുൻ അമേരിക്കൻ താരം പറഞ്ഞിട്ടുള്ളത്.
വളരെ കുറച്ച് മത്സരങ്ങൾ മാത്രമാണ് ഇതുവരെ അൽ ഹിലാലിന് വേണ്ടി നെയ്മർ ജൂനിയർ കളിച്ചിട്ടുള്ളത്.പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതിനാൽ അൽ ഹിലാൽ അദ്ദേഹത്തെ നിലനിർത്താനുള്ള സാധ്യത കുറവാണ്. മറിച്ച് വിനീഷ്യസ് ജൂനിയർ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളെ എത്തിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. ഏതായാലും അധികം വൈകാതെ തന്നെ നെയ്മർക്ക് പുതിയ തട്ടകം കണ്ടെത്തേണ്ടി വന്നേക്കും.