അവസാനനിമിഷം ട്വിസ്റ്റ്? റിഡോണ്ടോ മയാമിയിലേക്ക് എത്തിയേക്കില്ല!

അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി സമീപകാലത്ത് ഒരുപാട് അർജന്റൈൻ താരങ്ങളെ സ്വന്തമാക്കിയിരുന്നു. അർജന്റീനയുടെ നായകനായ ലയണൽ മെസ്സി തന്നെയായിരുന്നു ഏറ്റവും പ്രധാനപ്പെട്ട താരം.കൂടാതെ ഒരുപാട് യുവ പ്രതിഭകളെയും അർജന്റീനയിൽ നിന്നും അവർ സ്വന്തമാക്കിയിരുന്നു. ഏറ്റവും ഒടുവിൽ മയാമിയിലേക്ക് എത്തി എന്ന് ഉറപ്പിച്ചത് ഫെഡറിക്കോ റിഡോണ്ടോയായിരുന്നു.

അർജന്റീനയുടെ അണ്ടർ 23 ടീമിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന ഈ താരം ഒളിമ്പിക് യോഗ്യതയിൽ മികച്ച പ്രകടനം നടത്തിയിരുന്നു.അർജന്റൈൻ ക്ലബ്ബായ അർജന്റീനോസ് ജൂനിയേഴ്സിന്റെ താരമാണ് ഇദ്ദേഹം. ഡിഫൻസിവ് മിഡ്‌ഫീൽഡർ പൊസിഷനിൽ കളിക്കുന്ന ഈ താരത്തെ ബുസ്ക്കെറ്റ്സിന്റെ ബാക്കപ്പായി കൊണ്ടാണ് മയാമി പരിഗണിക്കുന്നത്. താരത്തിന്റെ കാര്യത്തിൽ ഇന്റർ മയാമിയും അർജന്റൈൻ ക്ലബ്ബും അഗ്രിമെന്റിൽ എത്തി എന്ന് എല്ലാ മാധ്യമങ്ങളും സ്ഥിരീകരിച്ചിരുന്നു.

എന്നാൽ അവസാന നിമിഷം ഇവിടെ ഒരു ട്വിസ്റ്റ് സംഭവിച്ചിട്ടുണ്ട്. അതായത് 8 മില്യൺ യൂറോ നൽകാമെന്നായിരുന്നു മയാമി ആദ്യം സമ്മതിച്ചിരുന്നത്. പക്ഷേ എംഎൽഎസിലെ സാമ്പത്തിക നിയന്ത്രണങ്ങളെ തുടർന്ന് ഇവർക്ക് എട്ടു മില്യൻ യൂറോ നൽകാൻ കഴിയില്ല. പകരം 5 മില്യൺ യൂറോ നൽകാമെന്നാണ് മയാമി ഇന്നലെ ഈ അർജന്റൈൻ ക്ലബ്ബിനെ അറിയിച്ചിട്ടുള്ളത്. ഇതോടുകൂടി ഈ ഡീൽ കൊളാപ്സ് ആയിട്ടുണ്ട്.അർജന്റൈൻ പത്രപ്രവർത്തകനായ ഗാസ്റ്റൻ എഡുൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പക്ഷേ ക്ലബ്ബുകൾ പൂർണ്ണമായും പിന്മാറിയിട്ടില്ല.അർജന്റൈൻ ക്ലബ്ബ് 24 മണിക്കൂർ കൂടി ഇന്റർ മയാമിക്ക് അനുവദിച്ചിട്ടുണ്ട്. അതിനുള്ളിൽ എത്രയും പെട്ടെന്ന് ഈ പ്രതിസന്ധിക്ക് പരിഹാരം കാണണം എന്നാണ് അർജന്റീനോസ് മയാമിയെ അറിയിച്ചിട്ടുള്ളത്. ഏതായാലും ഇന്ന് ഒരു യോഗം രണ്ട് പാർട്ടികളും വിളിച്ചു ചേർത്തിട്ടുണ്ട്.ഇന്നത്തോടുകൂടി താരത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.8 മില്യൺ യൂറോ നൽകിയാൽ മാത്രമേ താരത്തെ കൈമാറുകയുള്ളൂ എന്ന നിലപാടിലാണ് ഇപ്പോൾ ഈ അർജന്റൈൻ ക്ലബ്ബ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *