PSG ആരാധകർക്ക് സന്തോഷ വാർത്ത, രണ്ട് സൂപ്പർതാരങ്ങൾ ഉടൻ തന്നെ കരാർ പുതുക്കുന്നു!

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോ പിഎസ്ജിയെ സംബന്ധിച്ചിടത്തോളം വളരെ തിരക്കുപിടിച്ച ഒന്നായിരുന്നു.തങ്ങൾക്ക് ആവശ്യമുള്ള താരങ്ങളെ ഈ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല നിരവധി താരങ്ങളെ പിഎസ്ജി ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. പലരെയും ലോൺ അടിസ്ഥാനത്തിലാണ് ക്ലബ്ബ് ഒഴിവാക്കിയിട്ടുള്ളത്.

ഏതായാലും ട്രാൻസ്ഫർ വിൻഡോ അടച്ചതോടുകൂടി ഇനി ക്ലബ്ബിന്റെ മുന്നിലുള്ള ലക്ഷ്യങ്ങൾ നിലനിർത്താൻ ഉദ്ദേശിക്കുന്ന സൂപ്പർ താരങ്ങളുടെ കരാർ പുതുക്കുക എന്നുള്ളതാണ്. ലയണൽ മെസ്സിയുടെ കരാർ പുതുക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ടെങ്കിലും മെസ്സി ഇപ്പോൾ തന്നെ അതേപ്പറ്റി ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ സെർജിയോ റാമോസിന്റെ കരാർ പുതുക്കണോ വേണ്ടയോ എന്നുള്ളത് ഈ സീസണിലെ പ്രകടനത്തെ ആശ്രയിച്ചാണ് പിഎസ്ജി തീരുമാനിക്കുക.

ഇവർക്ക് പുറമേ ക്ലബ്ബിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളാണ് മാർക്കിഞ്ഞോസും മാർക്കോ വെറാറ്റിയും. ഇരു താരങ്ങളുടെയും കരാർ 2024 ലാണ് അവസാനിക്കുക. ഇപ്പോൾ ഇവരുടെ കരാർ പുതുക്കുന്നതിന്റെ തൊട്ടരികിലാണ് പിഎസ്ജിയുള്ളത്.ഉടൻതന്നെ ഇവർ കരാർ പുതുക്കുമെന്നുള്ള കാര്യം പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബ്രസീലിയൻ ഡിഫൻഡറായ മാർക്കിഞ്ഞോസ് ക്ലബ്ബിന്റെ ക്യാപ്റ്റൻ കൂടിയാണ്. 2027 വരെയുള്ള ഒരു പുതിയ കരാറിലാണ് ഇദ്ദേഹം ഒപ്പുവെക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം ഇറ്റാലിയൻ സൂപ്പർതാരമായ വെറാറ്റി കഴിഞ്ഞ 10 വർഷമായി പിഎസ്ജിയിലെ നിർണായക സാന്നിധ്യമാണ്.2012-ൽ ക്ലബ്ബിലെത്തിയ താരം ആകെ 387 മത്സരങ്ങളാണ് പിഎസ്ജിക്ക് വേണ്ടി കളിച്ചിട്ടുള്ളത്. താരവും ഒരു ദീർഘകാല കരാറിലായിരിക്കും ഒപ്പുവെക്കുക.

സൂപ്പർ താരങ്ങളായ കിലിയൻ എംബപ്പേ, നെയ്മർ ജൂനിയർ എന്നിവരുടെ കരാറുകൾ ഈയിടെ പിഎസ്ജി പുതുക്കുകയും ചെയ്തിരുന്നു. ഇനി ക്ലബ്ബ് ഏറ്റവും കൂടുതൽ മുൻഗണന നൽകുക മെസ്സിയുടെ കരാർ പുതുക്കുന്നതിന് തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *