ഹൈസ്കൂളിൽ പഠിക്കേണ്ട പ്രായം,മെസ്സിക്കൊപ്പം കളിച്ച് പിഎസ്ജിയിൽ റെക്കോർഡിട്ട് എമരി!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പിഎസ്ജി മോന്റ്പെല്ലിയറിനെ പരാജയപ്പെടുത്തിയത്.സൂപ്പർ താരം ലയണൽ മെസ്സി,ഫാബിയാൻ റൂയിസ്,വാറൻ സൈറെ എമരി എന്നിവരാണ് പിഎസ്ജിക്ക് വേണ്ടി ഗോളുകൾ നേടിയത്.പിഎസ്ജി തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
മത്സരത്തിന്റെ എഴുപതാം മിനിട്ടിലാണ് വീറ്റിഞ്ഞക്ക് പകരമായി കൊണ്ട് എമരി കളിക്കളത്തിലേക്ക് വരുന്നത്.92ആം മിനിറ്റിൽ അദ്ദേഹത്തിന്റെ ഗോൾ പിറന്നു.അഷ്റഫ് ഹക്കീമിയുടെ അസിസ്റ്റിൽ നിന്നാണ് എമരി ഈ ഗോൾ കണ്ടെത്തിയിട്ടുള്ളത്. തന്റെ സീനിയർ കരിയറിൽ നേടുന്ന ആദ്യത്തെ ഗോളായിരുന്നു ഇത്. സാക്ഷാൽ ലയണൽ മെസ്സിക്ക് ഒപ്പമാണ് അദ്ദേഹം ഈ ഗോൾ നേട്ടം ആഘോഷിച്ചിട്ടുള്ളത്.
ഈ ഗോൾ നേട്ടത്തോടുകൂടി പിഎസ്ജിയിലെ ഒരു റെക്കോർഡ് ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അതായത് പിഎസ്ജിയുടെ ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡാണ് എമരി കരസ്ഥമാക്കിയിട്ടുള്ളത്. ഇന്നലെ അദ്ദേഹം ഗോൾ നേടുമ്പോൾ 16 വർഷവും 330 ദിവസവും ആണ് താരത്തിന്റെ പ്രായം.നമ്മുടെ നാട്ടിലൊക്കെ ഹൈസ്കൂളിൽ പഠിക്കേണ്ട പ്രായത്തിലാണ് ഈ താരം പിഎസ്ജിക്ക് വേണ്ടി കളിച്ചുകൊണ്ട് ഈ റെക്കോർഡ് കരസ്ഥമാക്കിയിട്ടുള്ളത്.മുൻ പിഎസ്ജി താരവും ഇപ്പോൾ ISL താരവുമായ ഓഗ്ബച്ചേയുടെ റെക്കോർഡാണ് ഇദ്ദേഹം തകർത്തിട്ടുള്ളത്.
📈🔝 Warren Zaïre-Emery plus jeune buteur de l'histoire du club#𝐌𝐇𝐒𝐂𝐏𝐒𝐆https://t.co/PQYatW39Qh
— Paris Saint-Germain (@PSG_inside) February 1, 2023
ഇതുവരെ ഓഗ്ബച്ചേയായിരുന്നു പിഎസ്ജിയുടെ ചരിത്രത്തിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം. 2001 നവംബർ 25ന് നാന്റസിനെതിരെയായിരുന്നു ഓഗ്ബച്ചേ പിഎസ്ജിക്ക് വേണ്ടി ഗോൾ നേടിയിരുന്നത്.അന്ന് അദ്ദേഹത്തിന്റെ പ്രായം 17 വർഷവും 55 ദിവസമായിരുന്നു.ആ റെക്കോർഡാണ് ഇപ്പോൾ എമരി പഴങ്കഥയാക്കിയിട്ടുള്ളത്. മുമ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന ഓഗ്ബച്ചേ നിലവിൽ ഹൈദരാബാദിന്റെ താരമാണ്.പിഎസ്ജിയിലൂടെയായിരുന്നു അദ്ദേഹം വളർന്നു വന്നിരുന്നത്.