സൗദിയിൽ മെസ്സിയും ക്രിസ്റ്റ്യാനോയും നേർക്കുനേർ വരുന്നു,ടിക്കറ്റിന് വൻ ഡിമാന്റ്!
ഫുട്ബോൾ ലോകത്തെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മുഖാമുഖം വരുന്ന ഒരു മത്സരമാണ് ഈ മാസം നമ്മെ കാത്തിരിക്കുന്നത്.ജനുവരി 19 ആം തീയതി നടക്കുന്ന മത്സരത്തിൽ ലയണൽ മെസ്സിയുടെ പിഎസ്ജിയും സൗദി അറേബ്യയിലെ ഓൾ സ്റ്റാർ ഇലവനുമാണ് ഏറ്റുമുട്ടുക.ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ ഇലവനിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു പോരാട്ടം അരങ്ങേറുക.68000 ആളുകളെയാണ് ഈ സ്റ്റേഡിയത്തിന് ഉൾക്കൊള്ളാൻ കഴിയുക. പക്ഷേ മെസ്സിയും ക്രിസ്റ്റ്യാനോയും മുഖാമുഖം വരുന്ന ഈ പോരാട്ടം കാണാൻ ആരാധകർ ഏറെയാണ്. രണ്ട് മില്യണ് മുകളിലുള്ള ആളുകൾ ഈ ടിക്കറ്റിന് വേണ്ടി അപേക്ഷിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Cristiano Ronaldo and Leo Messi currently have the same amount of career goals in Europe's top 5 leagues 🔥
— FOX Soccer (@FOXSoccer) January 12, 2023
Messi did it in 88 less games 👀 pic.twitter.com/5Ls55QwlrH
പ്രമുഖ മാധ്യമമായ ESPN ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരു പക്ഷേ ഇത് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മുഖാമുഖം വരുന്ന അവസാനത്തെ മത്സരമായി മാറാനും സാധ്യതയുണ്ട്. 2020 ഡിസംബറിൽ ആയിരുന്നു അവസാനമായി മെസ്സിയും റൊണാൾഡോയും നേർക്കുനേർ വന്നത്. അന്ന് ക്യാമ്പ് നൗവിൽ വെച്ച് നടന്ന മത്സരത്തിൽ മെസ്സിയുടെ ബാഴ്സയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് റൊണാൾഡോയുടെ യുവന്റസ് പരാജയപ്പെടുത്തുകയായിരുന്നു.
മാത്രമല്ല ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സൗദി അറേബ്യയിൽ എത്തിയ റൊണാൾഡോ ഇതുവരെ അരങ്ങേറ്റം നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ താരത്തിന്റെ സൗദിയിലെ അരങ്ങേറ്റം മെസ്സിക്കെതിരെയായിരിക്കും. ഇതുകൊണ്ടൊക്കെ തന്നെയാണ് ഈ മത്സരം വളരെയധികം സ്പെഷ്യലായി മാറുന്നത്. ഏതായാലും മെസ്സി vs റൊണാൾഡോ പോരാട്ടത്തിൽ വിജയം ആർക്കൊപ്പം ആയിരിക്കും എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.