സ്വന്തം ഗ്രാമത്തിൽ രാജാവാകുന്നതാണ് നല്ലത് :എംബപ്പേക്ക് സമീർ നസ്രിയുടെ ഉപദേശം.

സൂപ്പർ താരം കിലിയൻ എംബപ്പേയുടെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് വരുന്ന സമ്മറിലാണ് അവസാനിക്കുക. ഈ കരാർ ഇതുവരെ അദ്ദേഹം പുതുക്കിയിട്ടില്ല. അദ്ദേഹം റയൽ മാഡ്രിഡിലേക്ക് പോകുമെന്നുള്ള റൂമറുകൾ സജീവമാണ്. എന്നാൽ റയൽ ഇത്തവണ റൂമറുകൾ മുളയിലെ നുള്ളി കളഞ്ഞിട്ടുണ്ട്.എംബപ്പേയുമായി ചർച്ചകൾ നടത്തി എന്നുള്ളത് തികച്ചും വ്യാജമായ ഒരു കാര്യമാണെന്ന് റയൽ മാഡ്രിഡ് തന്നെ ഒഫീഷ്യലായി കൊണ്ട് അറിയിക്കുകയായിരുന്നു.

ഏതായാലും മുൻ ഫ്രഞ്ച് സൂപ്പർ താരമായിരുന്ന സമീർ നസ്രി കിലിയൻ എംബപ്പേക്ക് ചില ഉപദേശനിർദ്ദേശങ്ങളൊക്കെ നൽകിയിട്ടുണ്ട്. അതായത് പിഎസ്ജി വിട്ടുകൊണ്ട് റയൽ മാഡ്രിഡിലേക്ക് പോകരുത് എന്നാണ് നസ്രി പറഞ്ഞിട്ടുള്ളത്.സ്വന്തം ഗ്രാമത്തിൽ രാജാവാകുന്നതാണ് നല്ലതെന്നും നസ്രി കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“എംബപ്പേ ഫ്രാൻസ് വിടുകയാണെങ്കിൽ അത് അവിടെ വലിയ ഒരു ഗർത്തമാണ് സൃഷ്ടിക്കുക.തീർച്ചയായും പണംകൊണ്ട് മറ്റുള്ള താരങ്ങളെ വാങ്ങാൻ സാധിക്കുമായിരിക്കും. പക്ഷേ എംബപ്പേയെ പോലെ ഒരാളെ ലഭിക്കില്ല. ഫ്രഞ്ച് ദേശീയ ടീമിലാണെങ്കിലും ക്ലബ്ബിലാണെങ്കിലും വളരെയധികം പ്രാധാന്യമുള്ള താരമാണ് അദ്ദേഹം. അദ്ദേഹം ലോകത്തെ ഏറ്റവും മികച്ച താരമാണെന്ന് രണ്ടു വർഷങ്ങൾക്കു മുന്നേ തന്നെ ഞാൻ പറഞ്ഞതാണ്. അദ്ദേഹം പിഎസ്ജിയിൽ തന്നെ തുടരുന്നതാണ് നല്ലത്. ചാമ്പ്യൻസ് ലീഗിന് വേണ്ടി റയൽ മാഡ്രിഡിലേക്ക് പോകരുത്. ഖത്തർ ഉടമകൾ ഇവിടെ ഉണ്ടാകുമ്പോൾ ക്ലബ്ബ് യാതൊരുവിധ ആവശ്യവും വരുന്നില്ല. നിങ്ങളുടെ ഗ്രാമത്തിൽ തന്നെ രാജാവായി തുടരുന്നതാണ് ഏറ്റവും നല്ല കാര്യം ” ഇതാണ് നസ്രി എംബപ്പേയോട് പറഞ്ഞിട്ടുള്ളത്.

അതായത് ഫ്രാൻസിൽ തന്നെ തുടരാനാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്. പക്ഷേ എംബപ്പേ ഏത് രൂപത്തിലുള്ള ഒരു തീരുമാനമായിരിക്കും എടുക്കുക എന്നത് തികച്ചും അജ്ഞാതമായ കാര്യമാണ്. അദ്ദേഹത്തെ നിലനിർത്താൻ വേണ്ടിയുള്ള പരമാവധി ശ്രമങ്ങൾ പിഎസ്ജിയുടെ ഭാഗത്ത് നിന്നുണ്ടാകും എന്ന കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *