സ്മോക്ക് ബോംബ് : പിഎസ്ജിക്ക് പണി കിട്ടിയേക്കും!

കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വിജയം നേടാൻ വമ്പന്മാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുവന്റസിനെ പിഎസ്ജി പരാജയപ്പെടുത്തിയത്.കിലിയൻ എംബപ്പേ,നുനോ മെന്റസ് എന്നിവരായിരുന്നു പിഎസ്ജിക്ക് വേണ്ടി ഗോളുകൾ നേടിയിരുന്നത്.ബൊനൂച്ചിയായിരുന്നു യുവന്റസിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയിരുന്നത്.

യുവന്റസിന്റെ മൈതാനത്ത് വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്. പിഎസ്ജി ആരാധകർ അഥവാ പിഎസ്ജി അൾട്രാസ് ഈ മത്സരത്തിനു വേണ്ടി യുവന്റസിന്റെ മൈതാനത്ത് എത്തിയിരുന്നു. മാത്രമല്ല ഈ മത്സരത്തിനിടെ അവർ രംഗം കൊഴുപ്പിക്കാൻ വേണ്ടി സ്മോക്ക് ബോംബുകളും ഫ്ലയറുകളും ഉപയോഗിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഈ വിഷയത്തിൽ യുവേഫ പിഎസ്ജിക്കെതിരെ നടപടി എടുക്കാനുള്ള ഒരുക്കത്തിലാണ്.യുവേഫയുടെ അച്ചടക്ക കമ്മിറ്റിയുടെ ശ്രദ്ധയിലാണ് ഇത് പെട്ടിരിക്കുന്നത്. നിലവിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ഒന്നും തന്നെ യുവേഫ അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ യുവേഫ പിഎസ്ജിക്കെതിരെ നടപടി എടുത്തേക്കും ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നേരത്തെ സ്മോക്ക് ബോംബുകൾ ഉപയോഗിച്ചതിന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനും പിഎസ്ജിക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതായത് പാർക്ക് ഡെസ് പ്രിൻസസിൽ ആരാധകർ ഇരിക്കുന്ന ഒരു സ്റ്റാൻഡ് പൂർണ്ണമായും ഒഴിച്ച് ഇടാനായിരുന്നു ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പിഎസ്ജിയോട് നിർദ്ദേശിച്ചിരുന്നത്. തുടർന്ന് ട്രോയസിനെതിരെയുള്ള മത്സരത്തിൽ ആ ഭാഗത്തേക്ക് പ്രവേശിക്കാൻ ആരാധകർക്ക് സാധിച്ചിരുന്നില്ല. ഏതായാലും ഇനി പിഎസ്ജി തങ്ങളുടെ അടുത്ത മത്സരത്തിൽ ലോറിയെന്റിനെയാണ് നേരിടുക

Leave a Reply

Your email address will not be published. Required fields are marked *