സൂപ്പർ താരങ്ങളെത്തുന്നു, കണ്ണഞ്ചിപ്പിക്കുന്ന സ്‌ക്വാഡിനെ ഒരുക്കാൻ പിഎസ്ജി!

സൂപ്പർ താരം സെർജിയോ റാമോസ് പിഎസ്ജിയിലേക്ക് തന്നെയാണ് എന്നുള്ളത് ഏറെക്കുറെ ഉറപ്പായ കാര്യമാണ്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രമുഖ മാധ്യമങ്ങൾ എല്ലാം തന്നെ ഇത്‌ റിപ്പോർട്ട്‌ ചെയ്തു കഴിഞ്ഞു. കൂടാതെ മറ്റു രണ്ട് സൂപ്പർ താരങ്ങളെ കൂടി ക്ലബ്ബിലെത്തിക്കുന്നതിന്റെ തൊട്ടരികിലാണ് നിലവിൽ പിഎസ്ജിയുള്ളത്. ചുരുക്കത്തിൽ അടുത്ത സീസണിന് ഒരു കണ്ണഞ്ചിപ്പിക്കുന്ന ഒരു സ്‌ക്വാഡിനെ ഒരുക്കുകയാണ് പിഎസ്ജി.

ആദ്യമായി പിഎസ്ജി ചെയ്തത് പോച്ചെട്ടിനോയെ ക്ലബ്ബിൽ എത്തിച്ചു എന്നുള്ളതാണ്. പിന്നീട് അവർ സൂപ്പർ താരം നെയ്മറുടെ കരാർ പുതുക്കി. ഇതിന് ശേഷം ഈ ട്രാൻസ്ഫർ ജാലകത്തിൽ വൈനാൾഡത്തെ അവർ റാഞ്ചി കഴിഞ്ഞു. ഇനി സെർജിയോ റാമോസ്, അഷ്‌റഫ്‌ ഹാക്കിമി, ജിയാൻ ലൂയിജി ഡോണ്ണരുമ എന്നിവരെ കൂടി ടീമിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ്. കൂടാതെ കിലിയൻ എംബപ്പേയുടെ കരാർ കൂടി പുതുക്കി കഴിഞ്ഞാൽ പിഎസ്ജിയുടെ നിലവിലെ പദ്ധതികളെല്ലാം പൂർണ്ണമാവും.

ഇതോടെ ഒരു കരുത്തുറ്റ സ്‌ക്വാഡായി പിഎസ്ജി മാറുമെന്ന കാര്യത്തിൽ സംശയമില്ല. ഈ സമ്മറിൽ ടീമിലെത്തിക്കുന്ന ഈ നാല് പേരിൽ ഒരാൾക്ക് വേണ്ടി മാത്രമായിരിക്കും പിഎസ്ജിക്ക് പണം മുടക്കേണ്ടി വരിക. ഹാക്കിമിക്ക് വേണ്ടി ഇന്ററിന് ട്രാൻസ്ഫർ ഫീ പിഎസ്ജി നൽകേണ്ടി വരും. റാമോസ്, വൈനാൾഡം, ഡോണ്ണരുമ എന്നിവർ ഫ്രീ ഏജന്റുമാരാണ്.

അടുത്ത സീസണിൽ സൂപ്പർ താരം നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും അണിനിരക്കുന്ന ഒരു മുന്നേറ്റനിര പിഎസ്ജിക്കുണ്ടാവും. മിഡ്‌ഫീൽഡിന്റെ കരുത്ത് വർധിപ്പിക്കാൻ വൈനാൾഡത്തിന് കഴിയും. റാമോസും ഹാക്കിമിയും എത്തുന്നതോട് കൂടി ഡിഫൻസിലെ പ്രശ്നങ്ങൾക്ക് പരിഹാരമാവും. നവാസിന് പകരക്കാരനായി കൊണ്ട് ഡോണ്ണരുമ എത്തുന്നത് ആശങ്കകൾ അകറ്റുകയും ചെയ്യും. ചുരുക്കത്തിൽ പിഎസ്ജി ലക്ഷ്യം വെക്കുന്ന ട്രാൻസ്ഫറുകൾ എല്ലാം നടന്നു കഴിഞ്ഞാൽ ലോകത്തിലെ ഏത് ക്ലബും പിഎസ്ജിയെ ഭയക്കേണ്ടി വരുമെന്നർത്ഥം.

Leave a Reply

Your email address will not be published. Required fields are marked *