സിദാൻ പിഎസ്ജിയുടെ പരിശീലകനാവുന്നു?
ഈ സീസണിൽ നിരവധി സൂപ്പർ താരങ്ങളെ സ്വന്തമാക്കിയിട്ടുള്ള ക്ലബാണ് പിഎസ്ജി.എന്നാൽ ഇതുവരെ പേരിനും പെരുമക്കുമൊത്ത ഒരു പ്രകടനം പിഎസ്ജിക്ക് പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നത് പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോക്കാണ്.
അത്കൊണ്ട് തന്നെ മൗറിസിയോ പോച്ചെട്ടിനോയെ ഒഴിവാക്കാനും തൽസ്ഥാനത്തേക്ക് സിനദിൻ സിദാനെ നിയമിക്കാനും പിഎസ്ജി തീരുമാനമെടുത്തു കഴിഞ്ഞു എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.ആർഎംസി സ്പോർട്ടിന്റെ പ്രമുഖ മാധ്യമപ്രവർത്തകനായ ഡാനിയൽ റിയോളോയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. മെസ്സി പിഎസ്ജിയിൽ എത്തുമെന്ന് ആദ്യമായി ഫുട്ബോൾ ലോകത്തെ അറിയിച്ച ജേണലിസ്റ്റാണ് റിയോളോ. അത്കൊണ്ട് തന്നെ ഈ റൂമർ ഫുട്ബോൾ ലോകത്ത് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.
— Murshid Ramankulam (@Mohamme71783726) January 7, 2022
എന്നാൽ ഉടൻ തന്നെ പോച്ചെട്ടിനോയെ പിഎസ്ജി നീക്കം ചെയ്യില്ല. മറിച്ച് ഈ സീസൺ മുഴുവനും അദ്ദേഹം തന്നെയായിരിക്കും പരിശീലകൻ. അതിന് ശേഷമാണ് സിദാൻ പിഎസ്ജിയുടെ പരിശീലകനാവുക എന്നാണ് അറിയാൻ കഴിയുന്നത്.എന്നാൽ കിലിയൻ എംബപ്പേ പിഎസ്ജിയിൽ തന്നെ ഉണ്ടായിരിക്കണമെന്ന് സിദാന് നിർബന്ധമുണ്ട്. എംബപ്പേയുടെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് സിദാൻ. സിദാനെ കൊണ്ടുവരുന്നതിലൂടെ എംബപ്പേ ക്ലബുമായുള്ള കരാർ പുതുക്കുമെന്നാണ് പിഎസ്ജി വിശ്വസിക്കുന്നത്.
കരിയറിൽ റയലിനെ മാത്രം പരിശീലിപ്പിച്ചിട്ടുള്ള സിദാൻ നിലവിൽ വിശ്രമജീവിതം നയിക്കുകയാണ്. റയലിന് ഹാട്രിക് ചാമ്പ്യൻസ് ലീഗുൾപ്പടെ നിരവധി കിരീടങ്ങൾ നേടിക്കൊടുത്ത പരിശീലകനാണ് സിദാൻ. അതേസമയം അടുത്ത സീസണിൽ പോച്ചെട്ടിനോ യുണൈറ്റഡിന്റെ പരിശീലകനാവുമെന്നുള്ള അഭ്യൂഹങ്ങളും സജീവമാണ്.