സംഹാര താണ്ഡവമാടി നെയ്മറും മെസ്സിയും, ആദ്യ മത്സരം പൊളിച്ചടുക്കി PSG!

ഈ സീസണിൽ പിഎസ്ജി എത്തുന്നത് രണ്ടും കൽപ്പിച്ചാണ് എന്നുള്ളതിന്റെ സൂചനകളാണ് ലീഗ് വണ്ണിലെ ആദ്യ മത്സരത്തിൽ തന്നെ ലഭിച്ചിരിക്കുന്നത്.ക്ലർമോന്റ് ഫൂട്ടിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് പിഎസ്ജി തകർത്ത് വിട്ടിട്ടുള്ളത്. സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ഒരിക്കൽ കൂടി തങ്ങളുടെ മാസ്മരിക പ്രകടനം പുറത്തെടുത്തപ്പോൾ പിഎസ്ജിക്ക് കാര്യങ്ങൾ എളുപ്പമാവുകയായിരുന്നു. ഒരു ഗോളും മൂന്ന് അസിസ്റ്റുമാണ് നെയ്മർ ജൂനിയർ കരസ്ഥമാക്കിയത്. അതേസമയം രണ്ട് ഗോളും 1അസിസ്റ്റും മെസ്സി തന്റെ സ്വന്തം പേരിൽ കുറിച്ചു.ഹക്കീമി,മാർക്കിഞ്ഞോസ് എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്.

മെസ്സി,നെയ്മർ എന്നിവർക്കൊപ്പം സറാബിയയാണ് ആദ്യ ഇലവനിൽ ഇടം നേടിയത്.ഒമ്പതാം മിനിട്ടിലാണ് നെയ്മറുടെ ഗോൾ പിറന്നത്.മെസ്സിയുടെ മനോഹരമായ ബാക്ക് പാസിൽ നിന്നും നെയ്മർ ഫിനിഷ് ചെയ്യുകയായിരുന്നു.26-ആം മിനുട്ടിൽ ഹക്കീമിയുടെ ഗോൾ വന്നു.നെയ്മർ നീട്ടി നൽകിയ പാസ് പിടിച്ചെടുത്ത താരം ഒരു തകർപ്പൻ ഷോട്ടിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.

38-ആം മിനുട്ടിലാണ് നായകൻ മാർക്കിഞ്ഞോസിന്റെ ഗോൾ പിറക്കുന്നത്. നെയ്മറുടെ ഫ്രീകിക്ക് ഒരു ഹെഡറിലൂടെ മാർക്കിഞ്ഞോസ് വലയിൽ എത്തിക്കുകയായിരുന്നു.പിന്നീട് 80 മിനിട്ടിൽ മെസ്സിയുടെ ഗോൾ വന്നു. നെയ്മറും മെസ്സിയും ചേർന്ന് നടത്തിയ മുന്നേറ്റം മെസ്സി ഫിനിഷ് ചെയ്യുകയായിരുന്നു.പിന്നീടാണ് മെസ്സിയുടെ അത്ഭുതപ്പെടുത്തുന്ന ഗോൾ പിറന്നത്.പരേഡസിന്റെ പാസിൽ നിന്നും ഒരു ഓവർ ഹെഡ് കിക്കിലൂടെയാണ് മെസ്സി ഗോൾ നേടിയത്.ഇതോടെ പിഎസ്ജിയുടെ ഗോൾ പട്ടിക പൂർത്തിയാവുകയായിരുന്നു.

എന്തായാലും തകർപ്പൻ വിജയത്തോടെ ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താൻ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്.ഇനി പിഎസ്ജിയുടെ അടുത്ത മത്സരം മോന്റ്പെല്ലിയറിനെതിരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *