വ്യക്തിഗത നേട്ടം മാത്രം ലക്ഷ്യം വെക്കുന്നവൻ: എംബപ്പേയെ വിമർശിച്ച് മുൻ ഫ്രഞ്ച് താരം

കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി സമനില വഴങ്ങിയിരുന്നു.ബൊറൂസിയയായിരുന്നു പിഎസ്ജിയെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. സമനില വഴങ്ങിയെങ്കിലും പ്രീ ക്വാർട്ടറിൽ പ്രവേശിക്കാൻ പിഎസ്ജിക്ക് കഴിഞ്ഞിട്ടുണ്ട്. സൂപ്പർതാരം കിലിയൻ എംബപ്പേ ഈ മത്സരത്തിൽ കളിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.

മുൻ ഫ്രഞ്ച് താരമായിരുന്ന ക്രിസ്റ്റോഫ് ഡുഗാരി എംബപ്പേയെ വിശദമായി വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ടീമിനെ സഹായിക്കുന്നതിന് പകരം വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടി കളിക്കുന്നവനാണ് എംബപ്പേ എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്.RMC സ്പോർട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡുഗാരിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ എംബപ്പേയെ കുറ്റപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡിന്റെ പേരിലാണ്. അദ്ദേഹത്തിന് കണക്കുകളാണ് മുഖ്യം എന്നത് എനിക്ക് മനസ്സിലാകും.പിഎസ്ജി ടീമിലെ ലീഡറാണ് എംബപ്പേ. മറ്റുള്ളവർക്ക് മാതൃകയാവേണ്ട താരം. അദ്ദേഹത്തിന്റെ ക്വാളിറ്റികളെയല്ല നമ്മൾ ഇവിടെ ചോദ്യം ചെയ്യുന്നത്.എംബപ്പേ ഡിഫൻസീവ് ടാസ്കിൽ ഒട്ടും ശ്രദ്ധിക്കുന്നില്ല.അദ്ദേഹം ഡിഫൻഡ് ചെയ്യുന്നതിലോ പ്രസ്സ് ചെയ്യുന്നതിലോ യാതൊരുവിധ എഫർട്ടും എടുക്കുന്നില്ല. തന്റെ സഹതാരങ്ങളെ കുറ്റപ്പെടുത്താൻ മാത്രം അദ്ദേഹത്തിന് അറിയാം.അവന്റെ പെരുമാറ്റത്തിൽ ഞാൻ നിരാശനാണ്.ബൊറൂസിയ ഡിഫൻസിനെ എംബപ്പേ ഒട്ടും പ്രസ്സ് ചെയ്തിട്ടില്ല.എംബപ്പേ മറ്റുള്ളവരെ പോലെ ടീമിന് വേണ്ടി കളിക്കുന്നവനല്ല, സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി കളിക്കുന്നവനാണ് ” ഇതാണ് ഡുഗാരി ആരോപിച്ചിട്ടുള്ളത്.

മുൻപും ഇത്തരത്തിലുള്ള വിമർശനങ്ങൾ കിലിയൻ എംബപ്പേക്ക് ഏൽക്കേണ്ടി വന്നിരുന്നു. പ്രത്യേകിച്ച് താരത്തിന്റെ ഡിഫൻസീവ് വർക്കിനാണ് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നത്. ഏതായാലും ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ ഘട്ടം പിഎസ്ജിയെ സംബന്ധിച്ചിടത്തോളം കടുപ്പമേറിയത് തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *