വേണമെങ്കിൽ പെനാൽറ്റി ഞാനെടുക്കാം കെട്ടോ : നെയ്മർ- എംബപ്പെ എന്നിവരോട് ഡോണ്ണാരുമ!
പിഎസ്ജിയിലെ പെനാൽറ്റി ടേക്കർ ആരാണ് എന്നുള്ള കാര്യത്തിൽ ഒരു തർക്കം ഈയിടെ ടീമിനകത്ത് ഉണ്ടായിരുന്നു. സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയറും കിലിയൻ എംബപ്പെയുമായിരുന്നു പെനാൽറ്റിക്ക് വേണ്ടി അവകാശവാദം ഉന്നയിച്ചിരുന്നത്.എന്നാൽ പിന്നീട് പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ ഇതിന് പരിഹാരം കണ്ടെത്തുകയും ചെയ്തു. നിലവിൽ ഒന്നാമത്തെ പെനാൽറ്റി ടേക്കർ എംബപ്പെയും രണ്ടാമത്തെ പെനാൽറ്റി ടേക്കർ നെയ്മറുമാണ്.
എന്നാൽ ഈ പെനാൽറ്റി ഗേറ്റ് വിവാദത്തെക്കുറിച്ച് പിഎസ്ജിയുടെ ഗോൾകീപ്പറായ ഡോണ്ണാരുമയോട് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു.വേണമെങ്കിൽ പെനാൽറ്റി താൻ എടുക്കാമെന്നുള്ള കാര്യം എംബപ്പെയോടും നെയ്മറോടും താൻ അറിയിച്ചിരുന്നതായി ഡോണ്ണാരുമ തമാശ രൂപേണ പറഞ്ഞിട്ടുണ്ട്. ടീമിനകത്ത് യാതൊരുവിധ പ്രശ്നങ്ങൾ ഇല്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ഡോണ്ണാരുമയുടെ വാക്കുകൾ ഇങ്ങനെയാണ്.
😅 Excellent Donnarumma.https://t.co/hPJVleRetD
— RMC Sport (@RMCsport) August 26, 2022
” വേണമെങ്കിൽ പെനാൽറ്റി ഞാൻ എടുക്കാമെന്നുള്ളത് നെയ്മറോടും എംബപ്പെയോടും ഞാൻ പറഞ്ഞിട്ടുണ്ട്.ഇത്തരം കാര്യങ്ങളൊക്കെ വലിയ ക്ലബ്ബുകളിൽ സംഭവിക്കുന്നതാണ്. ടീമിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ല. ടീം വളരെ ഐക്യത്തോടെ കൂടിയാണ് മുന്നോട്ടുപോകുന്നത്. അത് കഴിഞ്ഞ ലില്ലിക്കെതിരെയുള്ള മത്സരത്തിൽ തെളിഞ്ഞതുമാണ്. എല്ലാവരും പരസ്പരം നന്നായി സഹായിക്കുന്നു.എംബപ്പെയും നെയ്മറും അസാധാരണമായ രണ്ടു താരങ്ങളാണ്.അവർ തമ്മിൽ വളരെ നല്ല ബന്ധത്തിലാണ് ഉള്ളത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ വളരെ വ്യക്തതയോടെ കൂടി ഒരുമയോടെ മുന്നോട്ടുപോകുക എന്നുള്ളതാണ്. നിലവിൽ ടീം വളരെ ഐക്യത്തോടുകൂടിയാണ് മുന്നോട്ടുപോകുന്നത് ” ഇതാണ് ഡോണ്ണാരുമ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ 7 ഗോളുകൾക്കായിരുന്നു പിഎസ്ജി ലില്ലിയെ പരാജയപ്പെടുത്തിയത്. ഇനി പിഎസ്ജിയുടെ എതിരാളികൾ മൊണാക്കോയാണ്.