വിവാദ പരാമർശം,പിഎസ്ജി സൂപ്പർതാരത്തിന് വിലക്ക് വീണേക്കും!
കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ വമ്പൻമാരായ പിഎസ്ജിക്ക് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് നാന്റെസായിരുന്നു പിഎസ്ജിയെ അട്ടിമറിച്ചത്. സൂപ്പർ താരങ്ങളെല്ലാവരും ഇറങ്ങിയിട്ടും പിഎസ്ജിക്ക് നാണംകെട്ട് മടങ്ങേണ്ടി വരികയായിരുന്നു.
ഏതായാലും ഈ മത്സരത്തിനുശേഷം പിഎസ്ജിയുടെ മധ്യനിര താരമായ മാർക്കോ വെറാറ്റി റഫറിയെ വിമർശിച്ചിരുന്നു. ചില മോശം പദപ്രയോഗങ്ങൾ ഉപയോഗിച്ചായിരുന്നു വെറാറ്റി വിമർശനങ്ങൾ ഉയർത്തിയത്.എന്നാൽ ഇത് താരത്തിന് പണി കൊടുത്തേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Marco Verratti summoned to LFP disciplinary commission following "sometimes we get s**t on by the referees" comments. (L'Éq)https://t.co/DVo0CJzfZj
— Get French Football News (@GFFN) February 22, 2022
അതായത് ഈ സംഭവം ശ്രദ്ധയിൽപ്പെട്ട ലീഗ് വൺ ഗവേണിങ് ബോഡി അച്ചടക്ക കമ്മീഷനെ സമീപിച്ചിരുന്നു. തുടർന്ന് അച്ചടക്ക കമ്മീഷൻ മാർക്കോ വെറാറ്റിയെ വിളിപ്പിക്കുകയും ഇക്കാര്യത്തിലുള്ള വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
താരത്തിനെതിരെ ഇനി LFP നടപടി സ്വീകരിക്കാൻ സാധ്യതയുണ്ട്.വെറാറ്റി നിയമലംഘനം നടത്തി എന്ന് തെളിഞ്ഞാൽ ചുരുങ്ങിയത് അഞ്ച് മത്സരങ്ങളിലെങ്കിലും വെറാറ്റിക്ക് വിലക്ക് വീണേക്കും. ഒരുപക്ഷേ അതിൽ കൂടുതലാവാനും സാധ്യതയുണ്ട്.
ഏതായാലും വെറാറ്റിക്ക് വിലക്ക് വീഴുകയാണെങ്കിൽ അത് പിഎസ്ജിക്ക് കനത്ത തിരിച്ചടിയേൽപ്പിക്കും. പ്രധാനപ്പെട്ട മത്സരങ്ങളായിരിക്കും താരത്തിന് നഷ്ടമാവുക.