ലോകത്തെ മികച്ച താരം എംബപ്പേ,ബാലൺഡി’ഓർ അർഹിക്കുന്നു: ഖലീഫി
ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാര ജേതാവിനെ അറിയാൻ ഇനി അധികമൊന്നും കാത്തിരിക്കേണ്ടതില്ല. വരുന്ന ഒക്ടോബർ 30-ആം തീയതിയാണ് ബാലൺഡി’ഓർ പുരസ്കാര ജേതാവിനെ ഫ്രാൻസ് ഫുട്ബോൾ മാഗസിൻ പ്രഖ്യാപിക്കുക. സൂപ്പർതാരങ്ങളായ ലയണൽ മെസ്സി,ഏർലിംഗ് ഹാലന്റ് എന്നിവരിൽ ഒരാൾക്കാണ് ഇത്തവണത്തെ ബാലൺഡി’ഓർ സാധ്യതകൾ കല്പിക്കപ്പെടുന്നത്.ലയണൽ മെസ്സി നേടുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹത്തിന്റെ ആരാധകർ ഉള്ളത്.
എന്നാൽ മെസ്സിയുടെ കഴിഞ്ഞ സീസണിലെ ക്ലബ്ബായ പിഎസ്ജിയുടെ പ്രസിഡന്റ് ലയണൽ മെസ്സിക്ക് അർഹതയുണ്ടെന്ന് വിശ്വസിക്കുന്നില്ല. മറിച്ച് അവരുടെ മറ്റൊരു സൂപ്പർ താരമായ കിലിയൻ എംബപ്പേയാണ് ബാലൺഡി’ഓർ പുരസ്കാരം അർഹിക്കുന്നത് എന്നാണ് നാസർ അൽ ഖലീഫി പറഞ്ഞിട്ടുള്ളത്. ലോകത്തെ ഏറ്റവും മികച്ച താരം കിലിയൻ എംബപ്പേയാണെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
"Kylian Mbappé is the best player in the world and deserves the Ballon d'Or," says PSG president Nasser Al-Khelaifi. (RMC)https://t.co/wmD76gIB61
— Get French Football News (@GFFN) September 24, 2023
“ഈ കുടുംബത്തിന്റെ ഭാഗമാണ് കിലിയൻ എംബപ്പേ.അദ്ദേഹത്തിന്റെ പ്രകടനത്തിൽ എനിക്ക് വളരെയധികം അഭിമാനമുണ്ട്.മാത്രമല്ല ഈ ടീമിന്റെ നേട്ടങ്ങളിലും ഞാൻ അഭിമാനിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരം ഞങ്ങളുടെ കൈവശമാണ് ഉള്ളത്. അത് കിലിയൻ എംബപ്പേയാണ്. എന്റെ അഭിപ്രായത്തിൽ അദ്ദേഹം ബാലൺഡി’ഓർ അവാർഡ് അർഹിക്കുന്നുണ്ട് ” ഇതാണ് നാസർ അൽ ഖലീഫി പറഞ്ഞിട്ടുള്ളത്.
കിലിയൻ എംബപ്പേയുടെ കോൺട്രാക്ട് ഈ സീസണോടു കൂടിയാണ് അവസാനിക്കുക. ഈ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി തുടർന്നുകൊണ്ടിരിക്കുകയാണ്. എങ്ങനെയെങ്കിലും അദ്ദേഹത്തെ നിലനിർത്താനാണ് പിഎസ്ജി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ എംബപ്പേ ഇതുവരെ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല.