ലോകത്തിലെ ഏറ്റവും മികച്ച താരമാവാൻ നെയ്മർക്ക് കഴിയുമെന്ന് ബ്രസീൽ വേൾഡ് കപ്പ് ജേതാവ് !

സുപ്പർ താരം നെയ്മർ ജൂനിയർക്ക് ലോകത്തിലെ ഏറ്റവും മികച്ച താരമാവാൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് മുൻ വേൾഡ് കപ്പ് ജേതാവും ബ്രസീലിയൻ ഗോൾകീപ്പറുമായ ടഫറേൽ. കഴിഞ്ഞു ദിവസം ഫിഫയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നെയ്മറെ കുറിച്ച് കൂടുതൽ സംസാരിക്കാൻ സമയം കണ്ടെത്തിയത്. ബ്രസീലിനെ മറ്റൊരു വേൾഡ് കപ്പ് ജേതാവാക്കാൻ നെയ്മർക്ക് കഴിയുമെന്നാണ് താൻ കരുതുന്നതെന്നും ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം നെയ്മർ ഭാവിയിൽ സ്വന്തമാക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. 1994-ലെ വേൾഡ് കപ്പ് നേടിയ ബ്രസീൽ ടീമിലെ ഗോൾകീപ്പറായിരുന്നു ടഫറേൽ.പിഎസ്ജി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരാജയമറിഞ്ഞ് കിരീടം കൈവിട്ടെങ്കിലും നെയ്മർ ശക്തമായി തിരിച്ചു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

” നെയ്മർ ഒരു മഹത്തായ താരമാണ്. മനോഹരമായ രീതിയിലാണ് അദ്ദേഹം കളിക്കുക. അസാമാന്യനായ ഡ്രിബ്ലർ ആണ്. മികച്ച ഗോളുകൾ കണ്ടെത്താൻ മിടുക്കനാണ്. ബ്രസീലിന് വളരെയധികം പ്രധാനപ്പെട്ട താരമാണ് നെയ്മർ. അദ്ദേഹത്തിനെ മികച്ച പ്രകടനം പുറത്തെടുക്കാനും അത്‌ വഴി മറ്റൊരു വേൾഡ് കപ്പ് കിരീടം കൂടി ബ്രസീലിന് നേടിയെടുക്കാനും കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു സൂപ്പർ സ്റ്റാറാണ് നെയ്മർ. പിഎസ്ജി vs ബയേൺ മത്സരത്തിൽ ഞാൻ പിഎസ്ജിയെ ആയിരുന്നു പിന്തുണച്ചിരുന്നത്. കാരണം പിഎസ്ജിയിൽ ഒരുപാട് ബ്രസീൽ താരങ്ങൾ ഉണ്ടായിരുന്നു. ശരിക്കും നെയ്മർ ചാമ്പ്യൻസ് ലീഗ് നേടാൻ ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അത്‌ സാധിച്ചില്ല. പക്ഷെ ഭാവിയിൽ അത്‌ സാധിക്കും. അതോടൊപ്പം തന്നെ ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്‌കാരവും നെയ്മർ സ്വന്തമാക്കും. പക്ഷെ ഇത് ഫുട്ബോൾ ആണ്. എളുപ്പത്തിൽ നേടാൻ സാധിക്കില്ല എന്ന് കൂടെ ഓർമ്മപ്പെടുത്തുന്നു ” ഇതാണ് ടഫറേൽ നെയ്മറെ കുറിച്ച് പരാമർശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *