ലീഗ് വൺ കിരീടം ആരോഗ്യപ്രവർത്തകർക്ക് സമർപ്പിച്ച് പിഎസ്ജി
കഴിഞ്ഞു ദിവസമായിരുന്നു ലീഗ് വണ്ണിലെ ജേതാക്കളായി പിഎസ്ജിയെ പ്രഖ്യാപിച്ചു കൊണ്ട് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ ഉത്തരവ് വന്നത്. ലീഗ് വൺ ഉപേക്ഷിച്ച സാഹചര്യത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുണ്ടായിരുന്ന പിഎസ്ജിക്ക് കിരീടം നൽകാൻ ധാരണയാവുകയായിരുന്നു. ഒൻപതാം കിരീടമാണ് പിഎസ്ജി നേടുന്നത്. ഒരു കിരീടം കൂടി നേടിയാൽ സെന്റ് എറ്റിനിയുടെ പത്ത് കിരീടങ്ങൾ എന്ന റെക്കോർഡിനൊപ്പം എത്താൻ പിഎസ്ജിക്കാവും. അതേ സമയം ടോളുസെ, എമിൻസ് എന്നിവർ തരംതാഴ്ത്തപ്പെട്ടപ്പോൾ ലെൻസ്, ലോറിയന്റ് എന്നീ ടീമുകൾക്ക് അടുത്ത സീസണിലെ ലീഗിലേക്ക് സ്ഥാനകയറ്റം കിട്ടി. മാഴ്സില്ലേ, റെന്നസ്, പിഎസ്ജി എന്നിവരാണ് അടുത്ത ചാമ്പ്യൻസ് ലീഗ് കളിക്കുക. ഇപ്പോഴിതാ തങ്ങൾക്ക് ലഭിച്ച കിരീടം ആരോഗ്യപ്രവർത്തകർക്ക് സമർപ്പിച്ചിരിക്കുകയാണ് പിഎസ്ജി ചെയർമാനായ നാസർ അൽ ഖലീഫി.
” സ്വന്തം ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് ഈ സീസണിലെ കിരീടം സമർപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അവരുടെ ആത്മാർത്ഥ ഏറെ പ്രശംസിക്കപ്പെടേണ്ട ഒന്നാണ്. ഞങ്ങൾ ഫ്രഞ്ച് ഗവണ്മെന്റിന്റെ തീരുമാനത്തെ മാനിക്കുന്നു. ജനങ്ങളുടെ ആരോഗ്യത്തിന് തന്നെയാണ് നാം എപ്പോഴും മുൻഗണന നൽകേണ്ടത്. ടീമിന്റെ താരങ്ങൾ, പരിശീലകൻ, മെഡിക്കൽ, ടെക്നിക്കൽ സ്റ്റാഫുകൾ എന്നിവർക്കെല്ലാം നന്ദി പറയാൻ ഞാൻ ഈ അവസരം വിനിയോഗിക്കുകയാണ്. ക്ലബിലെ എല്ലാ അംഗങ്ങളുടെ കഠിനപ്രയത്നത്തിന്റെ ഭാഗമാണ് ഈ കിരീടം. അത്പോലെ പ്രിയപ്പെട്ട ആരാധകർക്കും ഞാൻ ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുന്നു ” അൽ ഖലീഫി പറഞ്ഞു.