റയലിലേക്കില്ല, പിഎസ്ജിയിൽ തന്നെ തുടരാൻ എംബപ്പേ?

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ ഭാവി തന്നെയാണ് ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയങ്ങളിലൊന്ന്. ഈ സീസണോട് കൂടി കരാർ അവസാനിക്കുന്ന എംബപ്പേ ഇതുവരെ കരാർ പുതുക്കിയിട്ടില്ല. പിഎസ്ജിയിൽ തുടരണോ വേണ്ടയോ എന്നുള്ള കാര്യത്തിലും ഇതുവരെ എംബപ്പേ തീരുമാനം എടുത്തിട്ടില്ല.

എന്നിരുന്നാലും താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി തുടർന്നു കൊണ്ടേയിരിക്കുകയായിരുന്നു.അതിപ്പോൾ ഫലം കണ്ട് തുടങ്ങുന്നു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. അതായത് പിഎസ്ജിയുമായി പുതിയ കരാറിൽ ഒപ്പ് വെക്കാൻ ഇപ്പോൾ എംബപ്പേ ആലോചിക്കുന്നുണ്ട് എന്നുള്ളതാണ് ഏറ്റവും പുതിയ വാർത്ത. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവരെ ഉദ്ധരിച്ചുകൊണ്ട് ബിബിസിയും ഇത് പുറത്ത് വിട്ടിട്ടുണ്ട്.

താരത്തെ ഫ്രീ ഏജന്റായി കൊണ്ട് വിടാൻ പിഎസ്ജി ഒരുക്കമല്ല. അത്കൊണ്ട് തന്നെ ചെറിയ കാലയളവിലേക്കാണെങ്കിലും താരത്തിന്റെ കരാർ പുതുക്കാൻ ആണ് നിലവിൽ പിഎസ്ജി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.സ്പാനിഷ് വമ്പൻമാരായ റയലിലേക്ക് ചേക്കേറുക എന്നുള്ളതാണ് എംബപ്പേയുടെ സ്വപ്നങ്ങളിലൊന്ന്.പക്ഷേ എംബപ്പേ ഇതിൽ നിന്നും പിന്മാറാൻ സാധ്യതയുണ്ടെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.

ഈ സീസണിലും തന്റെ മികച്ച ഫോം എംബപ്പേ തുടരുകയാണ്.ലീഗ് വണ്ണിൽ ഒൻപത് ഗോളുകളും എട്ട് അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഏതായാലും ചാമ്പ്യൻസ് ലീഗിൽ റയലിനെതിരെയുള്ള മത്സരത്തിന് ശേഷമായിരിക്കും എംബപ്പേ തന്റെ തീരുമാനം കൈക്കൊള്ളുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *