റയലിന്റെയും പിഎസ്ജിയുടെയും പൊളിറ്റിക്കൽ യുദ്ധത്തിൽ തലയിടാനില്ല,എംബപ്പേയുടെ കാര്യത്തിൽ നിന്നും പിൻവാങ്ങി ചെൽസി!
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ ഭാവി ഇപ്പോഴും സങ്കീർണമാണ്.അദ്ദേഹത്തെ ഒഴിവാക്കാൻ തന്നെയാണ് ഫ്രഞ്ച് ക്ലബ്ബിന്റെ തീരുമാനം. എന്നാൽ ക്ലബ്ബ് വിട്ട് പുറത്തു പോകാൻ എംബപ്പേ തയ്യാറായിട്ടില്ല. ഈ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ പിഎസ്ജിയുള്ളത്.
അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റായി കൊണ്ട് റയൽ മാഡ്രിഡിലേക്ക് പോകാനാണ് എംബപ്പേയുടെ പദ്ധതി. എന്നാൽ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ എംബപ്പേയെ റയലിനോ അതല്ലെങ്കിൽ മറ്റേതെങ്കിലും ക്ലബ്ബിനോ വിൽക്കാനാണ് പിഎസ്ജി ഉദ്ദേശിക്കുന്നത്. എന്നാൽ റയൽ മാഡ്രിഡ് ഇതുവരെ ഓഫറുകൾ ഒന്നും നൽകാത്തത് പിഎസ്ജിക്ക് നിരാശ നൽകുന്ന കാര്യമാണ്.റയലാവട്ടെ എല്ലാം കയ്യുംകെട്ടി നോക്കി നിൽക്കുകയാണ്.
ഇതിനിടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു.ടോഡ് ബോഹ്ലിക്ക് എംബപ്പേയിൽ താല്പര്യമുണ്ടായിരുന്നു.ചെൽസിയുടെ ഓഫറും പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു പിഎസ്ജി.എന്നാൽ ചെൽസി ഓഫർ നൽകിയിട്ടില്ല എന്നുള്ളത് മാത്രമല്ല അവർ ഇതിൽ നിന്നും പിൻവാങ്ങുകയും ചെയ്തിട്ടുണ്ട്. സ്റ്റാൻഡേർഡ് സ്പോർട്ടിനെ ഉദ്ധരിച്ചുകൊണ്ട് ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Kylian Mbappe to Chelsea🇫🇷💙
— 𝐒𝐤𝐢𝐧𝐧𝐲 𝐒𝐮𝐜𝐜𝐞𝐬𝐬 |🎖️ (@successszn_) July 30, 2023
Yes or No? pic.twitter.com/i9btEZGWNz
ഓഫർ നൽകിയാലും എംബപ്പേ അത് സ്വീകരിക്കാൻ പോകുന്നില്ല എന്നുള്ള വസ്തുത ചെൽസി മനസ്സിലാക്കിയിട്ടുണ്ട്. മാത്രമല്ല ഇപ്പോൾ എംബപ്പേയുടെ കാര്യത്തിൽ നടക്കുന്നത് റയൽ മാഡ്രിഡും പിഎസ്ജിയും തമ്മിലുള്ള ഒരു പൊളിറ്റിക്കൽ യുദ്ധമാണ്. ഈ യുദ്ധത്തിൽ തലയിടാൻ തൽക്കാലം ചെൽസി ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടാണ് എംബപ്പേ വിഷയത്തിൽ നിന്നും അവർ പിൻവാങ്ങിയിട്ടുള്ളത്. ഏതായാലും ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യുന്നതിന് മുൻപേ എംബപ്പേയെ എങ്ങനെയെങ്കിലും ഒഴിവാക്കാനാണ് പിഎസ്ജി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.