മെസ്സി സൗദിയിലേക്ക് പോയത് പിഎസ്ജിയുടെ അഭിമാനത്തിന് കോട്ടം തട്ടിച്ചു? ഹെൻറി പറയുന്നു!

കഴിഞ്ഞ ദിവസങ്ങളിൽ ഫുട്ബോൾ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് സൂപ്പർ താരം ലയണൽ മെസ്സിയുടെ വിലക്കാണ്.ക്ലബ്ബിന്റെ അനുമതി ഇല്ലാതെ സൗദി അറേബ്യയിലേക്ക് മെസ്സി പോവുകയായിരുന്നു. ഇതേ തുടർന്ന് ഒരു ദിവസത്തെ പരിശീലനം നഷ്ടമായ മെസ്സിക്ക് രണ്ട് ആഴ്ച്ചത്തെ വിലക്കാണ് ലഭിച്ചിട്ടുള്ളത്. മെസ്സി മാപ്പ് പറഞ്ഞുവെങ്കിലും ഈ വിലക്കിൽ ഇതുവരെ ഇളവൊന്നും മെസ്സിക്ക് ലഭിച്ചിട്ടില്ല. ഇനി ഒരു മത്സരം കൂടിയാണ് മെസ്സിക്ക് നഷ്ടമാവുക.

ഏതായാലും എന്തുകൊണ്ടാണ് ലയണൽ മെസ്സിക്ക് പിഎസ്ജി വിലക്കേർപ്പെടുത്തിയത് എന്നുള്ളതിന്റെ കാരണങ്ങൾ ഫ്രഞ്ച് ഇതിഹാസമായ തിയറി ഹെൻറി വിശകലനം ചെയ്തിട്ടുണ്ട്. ഒരുപക്ഷേ സൗദി അറേബ്യയിലേക്ക് പോയത് പിഎസ്ജിയുടെ അഭിമാനത്തിന് കോട്ടം തട്ടിച്ചിട്ടുണ്ടാവാം എന്നാണ് ഹെൻറി പറഞ്ഞിട്ടുള്ളത്. അല്ലെങ്കിൽ കരാർ പുതുക്കാത്തതാവാമെന്നും ഹെൻറി കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“പിഎസ്ജി ഈ വിലക്കിലൂടെ യഥാർത്ഥത്തിൽ ലയണൽ മെസ്സിയെ അടിക്കുകയാണ് ചെയ്തിട്ടുള്ളത്. ഒരുപക്ഷേ മെസ്സി കരാർ പുതുക്കാത്തത് കൊണ്ടായിരിക്കാം ഈ വിലക്ക് ഏർപ്പെടുത്തിയത്. അതല്ലെങ്കിൽ മെസ്സി പോയ സ്ഥലം പിഎസ്ജിയുടെ അഭിമാനത്തിന് കോട്ടം തട്ടിച്ചിരുന്നേക്കാം.പക്ഷേ അതിനേക്കാളും ഗുരുതരമായ പല കാര്യങ്ങളും ക്ലബ്ബിനകത്ത് സംഭവിച്ചിട്ടുണ്ട്.മെസ്സിയുടെ ഭാഗത്ത് ശരിയുണ്ടെന്ന് ഞാൻ ഒരിക്കലും പറയില്ല. കാരണം നമ്മൾ ഒരിക്കലും പരിശീലനങ്ങൾ മിസ് ചെയ്യാൻ പാടില്ല ” ഇതാണ് ലയണൽ മെസ്സിയുടെ മുൻ സഹതാരം കൂടിയായ തിയറി ഹെൻറി പറഞ്ഞിട്ടുള്ളത്.

മെസ്സിയുടെ അഭാവത്തിൽ നടന്ന ട്രോയസിനെതിരെയുള്ള മത്സരത്തിൽ വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കായിരുന്നു പിഎസ്ജി വിജയം നേടിയിരുന്നത്. ഇനി രണ്ട് മത്സരങ്ങൾ കൂടി വിജയിച്ചു കഴിഞ്ഞാൽ പിഎസ്ജിക്ക് ലീഗ് വൺ കിരീടം സ്വന്തമാക്കാൻ സാധിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *