മെസ്സി പ്രതിസന്ധിയിൽ,ആവിശ്യമായ സമയം അനുവദിക്കൂ : പിന്തുണയുമായി പണ്ഡിറ്റ്

യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും റയലിനോട് പരാജയപ്പെട്ടു കൊണ്ട് പുറത്തായതോടെ വലിയ രൂപത്തിലുള്ള പ്രതിസന്ധിയിലേക്കാണ് പിഎസ്ജി ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. സൂപ്പർ താരം ലയണൽ മെസ്സി അടക്കമുള്ളവർക്ക് വലിയ രൂപത്തിലുള്ള വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. ആദ്യപാദത്തിൽ പെനാൽറ്റി പാഴാക്കിയ മെസ്സിക്ക് രണ്ടാംപാദത്തിൽ ഒന്നുംതന്നെ ചെയ്യാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വിമർശനമഴയാണ് താരത്തിന് മേൽ പതിച്ചു കൊണ്ടിരിക്കുന്നത്.

എന്നാൽ മെസ്സിക്ക് പിൻതുണയുമായി കൊണ്ട് പ്രമുഖ ഫുട്ബോൾ പണ്ഡിറ്റായ പിയറെ ബൂബി രംഗത്തുവന്നിട്ടുണ്ട്. അതായത് ഈയിടെ മെസ്സി കടന്നുപോകുന്നത് പ്രതിസന്ധികളിലൂടെയാണെന്നും അദ്ദേഹത്തിന് സമയം അനുവദിക്കൂ എന്നുമാണ് ബൂബി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ കനാൽ സപ്പോർടെഴ്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” അദ്ദേഹത്തിന് ഇനിയും പിഎസ്ജിക്ക് കോൺട്രിബ്യൂട്ട് ചെയ്യാൻ കഴിയുമോ എന്നുള്ളതാണ് പലരും പ്രകടിപ്പിക്കുന്ന സംശയം. ഈ സംശയം എന്നിൽ ഞെട്ടലുളവാക്കുന്നു. കഴിഞ്ഞ ആറു മാസമായി അദ്ദേഹത്തിന് സംഭവിച്ച കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് നിങ്ങൾ മനസ്സിലാക്കുന്നില്ല.സൈക്കോളജിക്കലായിട്ടുള്ള ഒരു ഷോക്കാണ് അദ്ദേഹത്തിന് ഏറ്റിരിക്കുന്നത്. 20 വർഷം ഒരു ക്ലബ്ബിനുവേണ്ടി എല്ലാം നൽകിയിട്ടും പെട്ടന്ന് ഒരു ദിവസം അദ്ദേഹത്തിന് പടിയിറങ്ങി പോകേണ്ടി വരുന്നു.പിഎസ്ജിയിൽ സംഭവിച്ചത് മറ്റുള്ള ക്ലബ്ബുകളിൽ നോർമലായി സംഭവിക്കുന്ന ഒന്നല്ല. നാഷണൽ ടീമിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധകൾ. അദ്ദേഹത്തിന് കോവിഡ് പിടിപെട്ടു. അദ്ദേഹത്തിന് പരിക്കേറ്റു. പക്ഷേ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ അദ്ദേഹം തിരിച്ചു വരുന്നത് എനിക്ക് അനുഭവപ്പെട്ടിരുന്നു.അദ്ദേഹത്തിന്റെ ഡ്രിബ്ലിങ്‌ മികവ് കാണാമായിരുന്നു. ഏതായാലും മെസ്സിക്ക് നമ്മൾ ഇപ്പോൾ സമയം നൽകേണ്ടതുണ്ട്. അദ്ദേഹം ക്ലബ്ബിനെ സഹായിക്കുമെന്നുള്ള കാര്യത്തിൽ എനിക്ക് സംശയമില്ല ” ഇതാണ് ബൂബി പറഞ്ഞത്.

ഈ സീസണിൽ പിഎസ്ജിയിലേക്ക് എത്തിയ മെസ്സിക്ക് ഇതുവരെ തന്റെ യഥാർത്ഥ മികവിലേക്ക് ഉയരാൻ സാധിച്ചിട്ടില്ല. എന്നിരുന്നാലും പിഎസ്ജിക്ക് വേണ്ടി ആകെ 17 ഗോളുകളിൽ പങ്കാളിത്തം വഹിക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *