മെസ്സി പിഎസ്ജിയിലേക്കെത്തുമെന്ന വാർത്തകളോട് പ്രതികരിച്ച് പോച്ചെട്ടിനോ !

പിഎസ്ജിയുടെ പരിശീലകനായുള്ള ആദ്യമത്സരത്തിനുള്ള ഒരുക്കത്തിലാണ് മൗറിസിയോ പോച്ചെട്ടിനോ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് നടക്കുന്ന മത്സരത്തിൽ സെന്റ് എറ്റിനിയെയാണ് പിഎസ്ജി നേരിടുന്നത്. നിലവിൽ മൂന്നാം സ്ഥാനത്തുള്ള പിഎസ്ജി ജയം മാത്രം ലക്ഷ്യം വെച്ചായിരിക്കും ഇറങ്ങുക. ഏതായാലും മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ഒരുപാട് കാര്യങ്ങളെ കുറിച്ച് പോച്ചെട്ടിനോ സംസാരിച്ചിരുന്നു. പോച്ചെട്ടിനോ പരിശീലകനായി എത്തിയതോടെ വ്യാപകമായ അഭ്യൂഹങ്ങളിൽ ഒന്നായിരുന്നു മെസ്സിയെക്കൂടി പിഎസ്ജി ക്ലബ്ബിലെത്തിക്കുമെന്ന്. അർജന്റൈൻ പരിശീലകന്റെ വരവ് മെസ്സിയെ പിഎസ്ജിയിലേക്ക് വരാൻ പ്രേരിപ്പിക്കുമെന്നായിരുന്നു വാർത്തകൾ. ഏതായാലും ഈ വാർത്തകളോട് തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് പോച്ചെട്ടിനോ. എല്ലാ മികച്ച താരങ്ങൾക്കും പിഎസ്ജിയിലേക്ക് സ്വാഗതം എന്നാണ് പോച്ചെട്ടിനോ പറഞ്ഞത്.

” ലോകത്തിലെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നാണ് പിഎസ്ജി. അതിനാൽ ആ ക്ലബ്ബിനെ പറ്റി അഭ്യൂഹങ്ങൾ പരക്കുന്നത് സ്വാഭാവികമാണ്. നമുക്ക് ഈ അഭ്യൂഹങ്ങളെ ഒരു വശത്തേക്ക് മാറ്റിവെക്കാം. എല്ലാ മികച്ച താരങ്ങൾക്കും പിഎസ്ജിയിലേക്ക് സ്വാഗതം ” ഇതായിരുന്നു ഈ ട്രാൻസ്ഫർ അഭ്യൂഹങ്ങളെ കുറിച്ച് പോച്ചെട്ടിനോ പറഞ്ഞത്. ” ലോകത്തിലെ വലിയ ക്ലബുകളിൽ ഒന്നാണ് പിഎസ്ജി. ടോട്ടൻഹാമുമായി താരതമ്യം ചെയ്യൽ ബുദ്ധിമുട്ടാണ്. ഇപ്പോഴത്തെ എന്റെ ശ്രദ്ധ നാളത്തെ മത്സരത്തെ കുറിച്ച് മാത്രമാണ്. എനിക്കിവിടെ ഒരുപാട് മികച്ച താരങ്ങളുണ്ട്. മാത്രമല്ല മറ്റുള്ള താരങ്ങളെയും സ്വാഗതം ചെയ്യാൻ ഞാൻ തയ്യാറാണ് ” പോച്ചെട്ടിനോ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *