മെസ്സി പിഎസ്ജിയിലെത്തുമോ? ഡോണ്ണരുമ പറയുന്നു!
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എസി മിലാന്റെ ഇറ്റാലിയൻ ഗോൾകീപ്പറായ ഡോണ്ണരുമ പിഎസ്ജിയിൽ എത്തിയത്. ഫ്രീ ഏജന്റായി കൊണ്ട് പാരീസിലെത്തിയ താരം ഇതുവരെ പിഎസ്ജി അരങ്ങേറ്റം കുറിച്ചിട്ടില്ല. ഏതായാലും സൂപ്പർ താരം ലയണൽ മെസ്സിയെ കൂടി ഫ്രീ ഏജന്റായി കൊണ്ട് ടീമിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്ജി. നിരവധി റൂമറുകൾ ഇതേപറ്റി പുറത്ത് വരുന്നുണ്ടെങ്കിലും മെസ്സിയെ സ്വന്തമാക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് പിഎസ്ജിയുള്ളത്.
ഏതായാലും ലയണൽ മെസ്സി പിഎസ്ജിയിലെത്തുമോ എന്നുള്ള ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണിപ്പോൾ ഈ ഇറ്റാലിയൻ ഗോൾകീപ്പർ. മെസ്സി പിഎസ്ജിയിൽ എത്തിയാൽ താൻ വളരെയധികം സന്തോഷവാനാകുമെന്നാണ് ഡോണ്ണരുമ അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Donnarumma attend Messi :https://t.co/9dhe6Xfa3Y
— Foot Mercato (@footmercato) August 9, 2021
” മെസ്സി പിഎസ്ജിയിൽ എത്തുമോ എന്നുള്ള കാര്യം ഒഫീഷ്യലായിട്ടോ അല്ലാതെയോ നമുക്ക് വൈകാതെ അറിയാം.ഏതായാലും മെസ്സി ഇങ്ങോട്ട് വരികയാണെങ്കിൽ ,ഞാൻ വളരെയധികം സന്തോഷവാനായിരിക്കും.ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം.എനിക്ക് ഇക്കാര്യത്തിൽ സഹായിക്കാനാവുകയില്ലെങ്കിലും ഞാൻ വളരെയധികം ആവേശത്തിലും സന്തോഷത്തിലുമായിരിക്കും.അദ്ദേഹത്തോടൊപ്പം കളിക്കുക എന്നുള്ളത് തന്നെ വലിയ ആദരമാണ് ” ഡോണ്ണരുമ സ്കൈ സ്പോർട് ഇറ്റാലിയയോട് പറഞ്ഞു.
അതേസമയം പിഎസ്ജിയുടെ കാര്യത്തിലും താരം സന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ട്. ” ഞാൻ ഇപ്പോൾ പാരീസിൽ നല്ല രൂപത്തിലാണുള്ളത്.എനിക്കിപ്പോൾ ടീമിനെ അറിയാൻ കഴിഞ്ഞു.ഇതൊരു മികച്ച ഗ്രൂപ്പാണ്.എല്ലാവരും എന്നെ ഹാർദവമായി സ്വീകരിച്ചു. ഇവിടെ എല്ലാം നല്ല രീതിയിലാണ് മുന്നോട്ട് പോവുന്നത് ” ഇതാണ് ഡോണ്ണരുമ പറഞ്ഞു വെച്ചത്.
കഴിഞ്ഞ യൂറോ കപ്പിൽ ഇറ്റലിയെ ചാമ്പ്യൻമാരാക്കിയതിൽ നിർണായക പങ്ക് വഹിച്ച ഡോണ്ണരുമ യൂറോ കപ്പിലെ ഏറ്റവും മികച്ച താരവും കൂടിയായിരുന്നു. അത്കൊണ്ട് തന്നെ വലിയ പ്രതീക്ഷയാണ് ആരാധകർ താരത്തിൽ വെച്ച് പുലർത്തുന്നത്.