മെസ്സി പാർക്ക് ഡെസ് പ്രിൻസസിൽ വേൾഡ് കപ്പ് കിരീടവുമായി വരരുത് :റോതൻ

ഖത്തർ വേൾഡ് കപ്പ് കിരീടം സ്വന്തമാക്കിയതിനുശേഷം അർജന്റീനയുടെ നായകനായ ലയണൽ മെസ്സി അവധി ആഘോഷത്തിൽ ആയിരുന്നു.ഇന്നലെ അദ്ദേഹം പാരീസിൽ തിരിച്ചെത്തിയിട്ടുണ്ട്. വരുന്ന കോപ ഡി ഫ്രാൻസിലെ മത്സരം മെസ്സി കളിക്കാനുള്ള സാധ്യത കുറവാണ്. പിന്നീട് ലീഗ് വണ്ണിൽ പാർക്ക് ഡെസ് പ്രിൻസസിൽ വച്ച് നടക്കുന്ന മത്സരത്തിൽ മെസ്സി പിഎസ്ജിക്ക് വേണ്ടി കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം ലയണൽ മെസ്സിക്ക് ഏതു രൂപത്തിലുള്ള സ്വീകരണമാണ് പിഎസ്ജി ആരാധകർ നൽകുക എന്നുള്ളത് ഏവരും ഉറ്റുനോക്കുന്ന ഒരു കാര്യമാണ്. ഇപ്പോഴിതാ RMC സ്പോർട്ടിന്റെ ഫ്രഞ്ച് ജേണലിസ്റ്റായ ജെരോം റോതൻ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സി വേൾഡ് കപ്പ് കിരീടവുമായി പാർക്ക് ഡെസ് പ്രിൻസസിലേക്ക് വരരുത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.അത് ഉചിതമായ ഒരു കാര്യമായിരിക്കില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.റോതന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കഴിഞ്ഞ വർഷം ലയണൽ മെസ്സി പാഴാക്കുകയാണ് ചെയ്തിട്ടുള്ളത്.പക്ഷേ ഈ വർഷം കാര്യക്ഷമമായ ഒരു തുടക്കം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വിജയം ആരാധകരോടൊപ്പം അദ്ദേഹം ആഘോഷിക്കുന്നില്ല എന്ന പോരായ്മ മാത്രമാണ് ഉള്ളത്.കഴിഞ്ഞവർഷം ചിലർ അദ്ദേഹത്തെ അപമാനിച്ചിരുന്നു എന്നുള്ളതൊക്കെ ശരിയാണ്. മെസ്സിക്ക് നല്ലൊരു വരവേൽപ്പ് തന്നെ പാർക്ക് ഡെസ് പ്രിൻസസിൽ ലഭിക്കും എന്നുള്ള കാര്യത്തിൽ എനിക്ക് സംശയങ്ങൾ ഒന്നുമില്ല.പക്ഷെ അദ്ദേഹം വേൾഡ് കപ്പ് കിരീടം പാർക്ക് ഡെസ് പ്രിൻസസിലേക്ക് കൊണ്ടുവരാതിരിക്കലാവും നല്ലത്. കാരണം ഇതൊരു ഉചിതമായ സമയമല്ല. ആരാധകർക്ക് ഒരുപക്ഷേ അത് ഉൾക്കൊള്ളാൻ കഴിഞ്ഞെന്നു വരില്ല ” റോതൻ പറഞ്ഞു.

ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന കിരീടം ചൂടിയത് എന്നുള്ളതാണ് കാര്യങ്ങളെ സങ്കീർണ്ണമാക്കുന്നത്. മാത്രമല്ല ഫ്രഞ്ച് ആരാധകരുടെയും പിഎസ്ജി ആരാധകരുടെയും ഏറെ പ്രിയപ്പെട്ട താരമായ കിലിയൻ എംബപ്പേയെ എമി മാർട്ടിനസ് അധിക്ഷേപിച്ചത് കാര്യങ്ങളെ വഷളാക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *