മെസ്സി താമസിച്ച ഹോട്ടൽ കൊള്ളയടിക്കപ്പെട്ടു!
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിയിൽ എത്തിയിരുന്നത്. അപ്രതീക്ഷിത ട്രാൻസ്ഫർ ആയതിനാൽ താരത്തിന് ഒരു വീട് സജ്ജമാക്കാൻ കഴിഞ്ഞിരുന്നില്ല. അത്കൊണ്ട് തന്നെ പാരീസിലെ പ്രശസ്തമായ ലെ റോയൽ മോൺസൂ എന്ന ഹോട്ടലിലായിരുന്നു മെസ്സിയും കുടുംബവും താമസിച്ചിരുന്നത്. ഈ ഹോട്ടൽ കൊള്ളയടിക്കപ്പെട്ടു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹോട്ടലിൽ മൂന്ന് വ്യക്തികളാണ് മോഷണത്തിനും കൊള്ളക്കും ഇരയായിരിക്കുന്നത്. ഒരു വ്യക്തിയുടെ 5000 യൂറോയും വിലകൂടിയ വാച്ചും നഷ്ടമായിട്ടുണ്ട്. മോഷ്ടാക്കൾ മേൽക്കൂര വഴിയാണ് റൂമുകളിൽ പ്രവേശിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
Paris hotel where Lionel Messi is staying has been robbed https://t.co/4bT4SQSwcA
— Murshid Ramankulam (@Mohamme71783726) October 2, 2021
ഏതായാലും മെസ്സിയോ കുടുംബമോ കൊള്ളയടിക്കപ്പെട്ടിട്ടില്ല എന്നുള്ളത് ആരാധകർക്ക് ആശ്വാസം പകർന്ന കാര്യമാണ്. ഈയൊരു സംഭവത്തോടെ ഹോട്ടലിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഉടൻ തന്നെ ഒരു റെന്റ് ഹൌസിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ് മെസ്സിയും കുടുംബവുമുള്ളത്.
ഇനി പിഎസ്ജിക്ക് റെന്നസിനെതിരെയാണ് മത്സരം. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ തന്റെ ആദ്യ ഗോൾ നേടിയ മെസ്സി റെന്നസിനെതിരെയും കളത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.