മെസ്സിയോ റാമോസോ? കൂടുതൽ നിരാശനാക്കിയ താരത്തെ തുറന്ന് പറഞ്ഞ് മുൻ ഫ്രഞ്ച് താരം!

ഈ സീസണിൽ പിഎസ്ജിയിലെത്തിയ രണ്ട് സൂപ്പർ താരങ്ങളാണ് ലയണൽ മെസ്സിയും സെർജിയോ റാമോസും. എന്നാൽ രണ്ട് പേർക്കും പ്രതീക്ഷക്കൊത്തുയരാൻ ഇതുവരെ സാധിച്ചിട്ടില്ല.ലീഗ് വണ്ണിൽ പതിനൊന്ന് മത്സരങ്ങൾ കളിച്ച മെസ്സി കേവലം ഒരു ഗോൾ മാത്രമാണ് നേടിയത്. താരത്തിന്റെ കരിയറിലെ ഏറ്റവും മോശം തുടക്കങ്ങളിൽ ഒന്നാണിത്.

അതേസമയം റാമോസാവട്ടെ വിരലിലെണ്ണാവുന്ന മത്സരങ്ങൾ മാത്രമാണ് ഇതുവരെ പിഎസ്ജിക്ക് വേണ്ടി കളിച്ചത്. അതിൽ നിന്ന് ഒരു റെഡ് കാർഡും താരം വഴങ്ങി. പരിക്ക് മൂലമാണ് ഭൂരിഭാഗം മത്സരങ്ങളും റാമോസിന് നഷ്ടമായത്.

ഏതായാലും ഇരുവരെയും മുൻ ഫ്രഞ്ച് താരമായ ഇമ്മാനുവൽ പെറ്റിറ്റ് വിമർശനവിധേയമാക്കിയിട്ടുണ്ട്.രണ്ട് പേരും നിരാശപ്പെടുത്തിയെന്നും മെസ്സിയേക്കാൾ കൂടുതൽ നിരാശപ്പെടുത്തിയത് റാമോസാണ് എന്നുമാണ് പെറ്റിറ്റ് അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം RMC സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സിയിൽ നിന്നുള്ള മികച്ച പ്രകടനം ഇതുവരെ പുറത്ത് വന്നിട്ടില്ല.നമ്മൾ കഴിഞ്ഞ ആറ് മാസത്തെ കുറിച്ചാണ് സംസാരിക്കുന്നത്.യഥാർത്ഥത്തിൽ മെസ്സിയേക്കാൾ കൂടുതൽ എനിക്ക് നിരാശ സമ്മാനിച്ചത് റാമോസാണ്.ഇരുവർക്കും ടീമുമായി ഇണങ്ങി ചേരാൻ ബുദ്ധിമുട്ട് ഉണ്ടാവുമെന്നുള്ളത് ശരിയാണ്.അതിൽ ടാക്ടിക്കലായിട്ടുള്ള ഘടകങ്ങൾ കൂടിയുണ്ട്. മെസ്സി യഥാർത്ഥത്തിൽ വലതു ഭാഗത്ത് തളച്ചിടപ്പെടുകയാണ് ചെയ്തത് എന്ന് തോന്നിയിട്ടുണ്ട്.പക്ഷേ ഒരുപാട് മികച്ച താരങ്ങൾ മറുഭാഗത്ത് പിഎസ്ജിക്കുണ്ട്. അത്കൊണ്ട് തന്നെ എല്ലാവരും പരസ്പരം സംയോജിക്കേണ്ടത് അത്യാവശ്യമാണ് ” ഇതാണ് പെറ്റിറ്റ് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും പിഎസ്ജി തന്നെയാണ് ലീഗ് വണ്ണിൽ ഒന്നാമത്. പക്ഷേ ചാമ്പ്യൻസ് ലീഗ് പിഎസ്ജിക്ക് നേരിടേണ്ടത് റയലിന്റെ വെല്ലുവിളിയാണ്.

Leave a Reply

Your email address will not be published. Required fields are marked *