മെസ്സിയോട് കാണിക്കുന്നത് കടുത്ത അനീതി :വിമർശനവുമായി മുൻ പിഎസ്ജി താരം.

സൗദി അറേബ്യയിലേക്ക് അനുമതി ഇല്ലാതെ പോയതിന്റെ പേരിൽ ലയണൽ മെസ്സിക്ക് അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജി വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്ന് ലയണൽ മെസ്സി തന്റെ സഹതാരങ്ങളോട് മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഇതിനിടെ പിഎസ്ജി ആരാധകർ നടത്തിയ പ്രവർത്തിയെ വലിയ വിവാദമായിട്ടുണ്ട്.ലയണൽ മെസ്സിക്കെതിരെ തെരുവിൽ വെച്ച് ഇവർ തെറിവിളികൾ നടത്തുകയായിരുന്നു.

ഏതായാലും ഈ വിഷയത്തിൽ തന്റെ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് പിഎസ്ജിയുടെയും അർജന്റീനയുടെയും മുൻ താരമായ യുവാൻ പാബ്ലോ സോറിൻ. ലയണൽ മെസ്സിയോട് കാണിക്കുന്നത് കടുത്ത അനീതിയും അസംബന്ധവുമാണ് എന്നാണ് സോറിൻ പറഞ്ഞിട്ടുള്ളത്.പിഎസ്ജിയും മെസ്സിയും തമ്മിലുള്ള ബന്ധം നല്ല രീതിയിൽ തന്നെ അവസാനിക്കണമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.സോറിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ലയണൽ മെസ്സിയുടെ കാര്യത്തിൽ ഇപ്പോൾ സംഭവിക്കുന്നത് എന്നെ വളരെയധികം വേദനപ്പെടുത്തുന്നതാണ്.ഭാവിയിൽ എന്താണ് സംഭവിക്കുക എന്നുള്ളത് എനിക്കറിയില്ല.ബാഴ്സലോണ വിട്ടത് തന്നെ മെസ്സിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. ചാമ്പ്യൻസ് ലീഗ് പിഎസ്ജിക്കൊപ്പം നേടുക എന്നുള്ളതും ലയണൽ മെസ്സിയുടെ സ്വപ്നമായിരുന്നു.പിഎസ്ജി പുറത്താവുമ്പോഴൊക്കെ അദ്ദേഹത്തിന് വേദനിച്ചിരുന്നു. ഇപ്പോൾ മെസ്സിക്കെതിരെയുള്ള ഈ അപമാനങ്ങൾ കടുത്ത അനീതിയും അസംബന്ധവുമാണ്. മെസ്സിയും ക്ലബ്ബും തമ്മിലുള്ള ബന്ധം നല്ല രീതിയിൽ അവസാനിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം ഞാൻ രണ്ടുപേരെയും സ്നേഹിക്കുന്നു “സോറിൻ പറഞ്ഞു.

ഏതായാലും ക്ലബ്ബ് വിടാനുള്ള തീരുമാനം ലയണൽ മെസ്സി എടുത്തു കഴിഞ്ഞിട്ടുണ്ട്. ക്ലബ്ബിനോടൊപ്പം ഇനി മൂന്നു മത്സരങ്ങളാണ് മെസ്സിക്ക് ശേഷിക്കുന്നത്. മൂന്ന് മത്സരങ്ങൾ കളിച്ചു കഴിഞ്ഞാൽ മെസ്സി പിഎസ്ജിയോട് വിട പറയും.

Leave a Reply

Your email address will not be published. Required fields are marked *