മെസ്സിയെ രണ്ടാഴ്ചത്തേക്ക് സസ്പെന്റ് ചെയ്ത് PSG!

ലയണൽ മെസ്സിയുടെ കഴിഞ്ഞ ദിവസത്തെ സൗദി സന്ദർശനം വലിയ വിവാദമാണ് ഫ്രഞ്ച് ഫുട്ബോൾ ലോകത്ത് ഉണ്ടാക്കിയത്. അതായത് ക്ലബ്ബിന്റെ അനുമതി ഇല്ലാതെയാണ് ലയണൽ മെസ്സി സൗദി സന്ദർശിച്ചത്.പിഎസ്ജി പരിശീലകനായ ഗാൾട്ടിയറോടോ സ്പോർട്ടിങ് അഡ്വൈസറായ ലൂയിസ് കാമ്പോസിനോടോ ലയണൽ മെസ്സിയുടെ ക്യാമ്പ് അനുമതി തേടിയിരുന്നില്ല.

അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസത്തെ പരിശീലനത്തിന് മെസ്സി എത്തിയിരുന്നില്ല.സൗദിയുടെ ടൂറിസം അംബാസിഡർ എന്ന നിലയിലായിരുന്നു മെസ്സി അവിടം സന്ദർശിച്ചിരുന്നത്. പക്ഷേ ക്ലബ്ബിന്റെ അനുമതി ഇല്ലാതെ പോയതിലും പരിശീലനം നഷ്ടപ്പെടുത്തിയതിലും അവരുടെ പ്രസിഡണ്ടായ നാസർ അൽ ഖലീഫി കടുത്ത അസംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ ലയണൽ മെസ്സിക്കെതിരെ പിഎസ്ജി നടപടി എടുത്തതായാണ് റിപ്പോർട്ടുകൾ.

ഫ്രഞ്ച് മാധ്യമങ്ങളായ ലെ എക്യുപെ,RMC സ്പോർട് എന്നിവരാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.അതായത് ക്ലബ്ബ് ലയണൽ മെസ്സിക്ക് രണ്ട് ആഴ്ച സസ്പെൻഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ട് ആഴ്ചത്തെ സാലറി മെസ്സിക്ക് ലഭിക്കില്ല,മാത്രമല്ല ക്ലബ്ബിനോടൊപ്പം പരിശീലനം നടത്താനും മെസ്സിക്ക് സാധിക്കില്ല.മത്സരങ്ങളും മെസ്സിക്ക് നഷ്ടമാകും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.പക്ഷേ കൂടുതൽ വ്യക്തതകൾ ഇനിയും കൈവരേണ്ടതുണ്ട്.

പിഎസ്ജി ഈ കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം നടത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതായാലും മെസ്സിക്കെതിരെ നടപടികൾ ഉണ്ടാവും എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നതാണ്. എന്നാൽ രണ്ട് ആഴ്ച്ച സസ്പെൻഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല. ഏതായാലും മെസ്സിയെ സസ്പെൻഡ് ചെയ്താൽ അത് ക്ലബ്ബിന് അകത്ത് കൂടുതൽ പ്രതിസന്ധിയാവും സൃഷ്ടിക്കുക.നിലവിൽ മോശം ഫോമിലൂടെയാണ് ക്ലബ്ബ് പോയിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *